പാലായില്‍ യു.ഡി.എഫ് വിജയിക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വ്യക്തമാക്കി. കേരള കോണ്‍ഗ്രസിലെ പ്രശ്‌നങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിച്ചു യു.ഡി.എഫ് ഒറ്റക്കെട്ടായി മുന്നോട്ടു പോകുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തെരഞ്ഞെടുപ്പു പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാന്‍ യു.ഡി.എഫ് കണ്‍വീനര്‍ ബെന്നി ബെഹനാന്റെ നേതൃത്വത്തില്‍ ഒമ്പതംഗ കമ്മിറ്റിയെയും യു.ഡി.എഫ് ചുമതലപ്പെടുത്തിയതായും അദ്ദേഹം പറഞ്ഞു. യു.ഡി.എഫ് കണ്‍വീനര്‍ ബെന്നി ബെഹനാനും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു.
പാലാ നിയോജക മണ്ഡലത്തിലെ ഉപതെരെഞ്ഞെടുപ്പില്‍ യു ഡി എഫ് മികച്ച വിജയം നേടുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. പാലായില്‍ കെ.എം മാണിക്ക് ജനങ്ങള്‍ നല്‍കിയ അംഗീകാരം തുടരും. കേരള കോണ്‍ഗ്രസിലെ ഭിന്നതകള്‍ ചര്‍ച്ച ചെയ്ത് പരിഹരിച്ച് ഒറ്റക്കെട്ടായി മുന്നോട്ടു പോകും. പാര്‍ട്ടിയിലെ ഇരു വിഭാഗങ്ങളുമായുമുള്ള ചര്‍ച്ചകള്‍ തുടരുമെന്നും, എല്ലാവരുമായും യോജിച്ച് സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. തെരെഞ്ഞെടുപ്പു പ്രഖ്യാപിച്ച ശേഷം പുറത്തു വന്ന കോടിയേരിയുടെ പ്രസ്താവന ഇടതുമുന്നണി ആദ്യഘട്ടത്തില്‍ തന്നെ പരാജയം സമ്മതിച്ചതിന്റെ ലക്ഷണമാണെന്നും അദ്ദേഹം പറഞ്ഞു.
ശബരിമല വിഷയത്തില്‍ സി.പിഎം ഇപ്പോള്‍ സ്വീകരിക്കുന്ന നിലപാട് പരിഹാസ്യമാണ്. സ്ത്രീ പ്രവേശനത്തിനെത്ത തീരുമാനം തെറ്റായിരുന്നുവെന്ന് മുഖ്യമന്ത്രി തുറന്നു സമ്മതിക്കണം. ഇക്കാര്യത്തില്‍ സി.പി.എം എടുത്ത തീരുമാനത്തിനൊപ്പമായിരുന്നോ പിണറായി നിലകൊണ്ടതെന്നും വ്യക്തമാക്കണം. വിഷയത്തില്‍ മുഖ്യമന്ത്രി കേരളത്തിലെ വിശ്വാസി സമൂഹത്തോട് മാപ്പ് ചോദിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സംസ്ഥാനത്തുണ്ടായ രണ്ട് പ്രളയങ്ങളും നേരിടുന്നതില്‍ സര്‍ക്കാര്‍ പരാജയമാണെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി. ദുരന്തമുണ്ടായ സ്ഥലങ്ങള്‍ സന്ദര്‍ശിക്കാന്‍ മുഖ്യമന്ത്രി തയ്യാറായില്ല.
അര്‍ഹതപ്പെട്ടവര്‍ക്ക് ആനുകൂല്യങ്ങള്‍ നല്‍കാന്‍ സര്‍ക്കാര്‍ ജാഗ്രത കാട്ടിയില്ലെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാരിന്റെ വീഴ്ച്ചയിലും ഭരണതലത്തിലുള്ള അഴിമതിയും മുന്‍നിര്‍ത്തി സെപ്റ്റംബര്‍ മൂന്നിന് ജില്ലാതലങ്ങളില്‍ രാപകല്‍ സമരം സംഘടിപ്പിക്കാന്‍ തീരുമാനിച്ചതായും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.