യുഡിഎഫ് ഇരുപത് സീറ്റും നേടും; വ്യാപക കള്ളവോട്ടും അക്രമവും നടന്നു; വോട്ടർമാരെ പീഡിപ്പിച്ച തിരഞ്ഞെടുപ്പെന്ന് കെ.സി. വേണുഗോപാല്‍

 

തിരുവനന്തപുരം: സംസ്ഥാനത്ത് യുഡിഎഫ് തരംഗമെന്നും ഇരുപതില്‍ ഇരുപത് സീറ്റും നേടുമെന്നും എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍. നരേന്ദ്ര മോദി നടത്തുന്നത് തിരഞ്ഞെടുപ്പിൽ വോട്ട് നേടുവാനുള്ള തന്ത്രം മാത്രമാണെന്ന് ജനങ്ങൾ തിരിച്ചറിഞ്ഞു തുടങ്ങി. മോദി സൃഷ്ടിച്ച വ്യാജ ഹൈപ്പ് ഒന്നും രണ്ടും ഘട്ട തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ ഇടിഞ്ഞുവീണു. തിരഞ്ഞെടുപ്പില്‍ സിപിഎം വ്യാപക കള്ളവോട്ടും അക്രമവും അഴിച്ചുവിട്ടെന്നും കെ.സി. വേണുഗോപാല്‍ പറഞ്ഞു. കെപിസിസി സംഘടിപ്പിച്ച മാധ്യമ മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തിന്‍റെ ചരിത്രത്തിൽ തിരഞ്ഞെടുപ്പ് പ്രക്രിയ അലങ്കോലപ്പെടുത്തിയ ഒരു തിരഞ്ഞെടുപ്പ് ആയിരുന്നു ഇത്തവണത്തേതെന്ന് കെ.സി. വേണുഗോപാല്‍ കുറ്റപ്പെടുത്തി. ഗുരുതരമായ തിരഞ്ഞെടുപ്പ് ക്രമക്കേടാണ് നടന്നത്. പോളിംഗ് വ്യാപകമായി തടസപ്പെട്ടു. വോട്ടർമാരെ പീഡിപ്പിച്ച ഒരു തിരഞ്ഞെടുപ്പായിരുന്നു തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ നടത്തിയത്. വോട്ടർമാർക്ക് നൽകാൻ വെള്ളം പോലും ബൂത്തിൽ ക്രമീകരിച്ചിരുന്നില്ല.

ഇലക്ഷൻ സംവിധാനം മുഴുവൻ സിപിഎം ഉദ്യോഗസ്ഥ സംഘം ഹൈജാക്ക് ചെയ്തു. വോട്ടർ പട്ടിക മുതൽ ക്രമക്കേട് ആരംഭിച്ചു. മിനിമം 10 ഇരട്ട വോട്ടുകൾ വേണമെന്ന സിപിഎം തന്ത്രമാണ് നടപ്പാക്കിയത്. വ്യാപകമായ അക്രമവും സിപിഎം അഴിച്ചുവിട്ടു. വ്യാപകമായി കള്ളവോട്ടുകളും നടന്നു. എന്നാല്‍ എല്ലാ പ്രതിബന്ധങ്ങളെയും അതിജീവിക്കുന്ന യുഡിഎഫ് തരംഗമാണ് സംസ്ഥാനത്ത് അലയടിച്ചതെന്നും തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ക്രമക്കേടിൽ യുഡിഎഫ് കൃത്യമായി പരിശോധന നടത്തി നിയമ നടപടി സ്വീകരിക്കുമെന്നും കെ.സി. വേണുഗോപാല്‍ വ്യക്തമാക്കി.

Comments (0)
Add Comment