അഴിമതിക്കാരെ സംരക്ഷിക്കുന്ന കൊള്ളസംഘമായി സി.പി.എം മാറി; അഞ്ച് സീറ്റുകളും യു.ഡി.എഫ് വിജയിക്കും : മുല്ലപ്പള്ളി രാമചന്ദ്രന്‍

Jaihind News Bureau
Saturday, October 19, 2019

ഉപതെരഞ്ഞെടുപ്പിൽ അഞ്ചിൽ അഞ്ച് സീറ്റും യു.ഡി.എഫ് വിജയിക്കുമെന്ന് കെ.പി.സി.സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. വരാൻ പോകുന്ന നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ റിഹേഴ്സലാണ് ഉപതെരഞ്ഞെടുപ്പെന്നും അഴിമതിക്കാരെ സംരക്ഷിക്കുന്ന കൊളളസംഘമായി സി.പി.എം മാറിയെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു.

സംസ്ഥാന സർക്കാരിനെതിരെ രൂക്ഷമായ ഭാഷയിലായിരുന്നു മുല്ലപ്പള്ളി രാമചന്ദ്രന്‍റെ വിമർശനം. രാഷ്ട്രീയ പോരാട്ടമായാണ് യു.ഡി.എഫ് തെരഞ്ഞെടുപ്പിനെ കാണുന്നത്. രാഷ്ട്രീയം പറയാതെ എന്തുകൊണ്ട് സിപിഎം ഒളിച്ചോടുന്നു. ഏത് വിഷയത്തിലും വൈരുധ്യാത്മകമായ പരാമർശങ്ങളാണ് സി.പി.എം നടത്തുന്നത്. ശബരിമല വിഷയത്തിൽ സി.പി.എമ്മിന് വ്യക്തതയില്ലെന്നും സാമുദായിക സംഘടനകളെ ഒപ്പം നിർത്താൻ സി.പി.എം ഏതറ്റം വരേയും പോകുമെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു.

മാർക്ക്ദാനത്തെ ന്യായീകരിക്കാനാണ് കോടിയേരി ശ്രമിക്കുന്നത്. യു.പി.എസ്.സിയുടെ വിശ്വാസ്യതയെ ചോദ്യം ചെയ്ത മന്ത്രിയുടെ നടപടി ഭരണഘടനാ സ്ഥാപനത്തെ അസ്ഥിരപ്പെടുത്താനാണ്. വിഷയത്തിൽ വാസ്തവ വിരുദ്ധമായ പരാമർശമാണ് കെ.ടി ജലീൽ നടത്തിയതെന്നും മുല്ലപ്പള്ളി ആരോപിച്ചു.

ഏരിയാ സെക്രട്ടറിയുടെ കത്തുണ്ടെങ്കിൽ ഇപ്പോൾ ആർക്കും പി.എസ്.സിയുടെ ചെയർമാനാകാം. പഴയ വീഞ്ഞ് പുതിയ കുപ്പിയിലാക്കി വിൽക്കുന്നയാളാണ് കോടിയേരി. എത്ര സീറ്റിൽ വിജയിക്കുമെന്ന് എന്തുകൊണ്ട് സി.പി.എമ്മിന് പറയാനാകുന്നില്ലെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ കുറ്റപ്പെടുത്തി.