വട്ടിയൂര്‍ക്കാവില്‍ യു.ഡി.എഫ് വന്‍ ഭൂരിപക്ഷത്തില്‍ വിജയിക്കും : കെ മുരളീധരന്‍ എം.പി

Jaihind News Bureau
Wednesday, October 16, 2019

K-Muraleedharan

വട്ടിയൂർക്കാവിൽ യു.ഡി.എഫ് വൻ ഭൂരിപക്ഷത്തിൽ വിജയിക്കുമെന്ന് കെ മുരളീധരന്‍ എം.പി. എൻ.എസ്.എസ് ഉൾപ്പെടെ മുഴുവൻ സാമുദായിക സംഘടനകളുടെയും പിന്തുണ യു.ഡി.എഫിനുണ്ട്. യു.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ മോഹന്‍ കുമാർ പതിനായിരത്തിലേറെ വോട്ടുകള്‍ക്ക് വിജയിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ചെക്ക് കേസിലെ പ്രതിക്ക് വേണ്ടിയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ പാലായില്‍ വോട്ട് ചോദിച്ചത്. സ്വന്തം സർക്കാർ പിഴയിട്ട ആളിന് വേണ്ടിയാണ് ഇപ്പോള്‍ വട്ടിയൂർക്കാവിൽ വോട്ട് ചോദിക്കുന്നതെന്നും കെ മുരളീധരന്‍ എം.പി ചൂണ്ടിക്കാട്ടി. മാലിന്യ  സംസ്കരണത്തിലെ വീഴ്ചയ്ക്ക് തിരുവനന്തപുരം നഗരസഭയ്ക്ക് സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ് 14.5 കോടി രൂപ പിഴ ചുമത്തിയത് ചൂണ്ടിക്കാട്ടിയായിരുന്നു അദ്ദേഹത്തിന്‍റെ പരിഹാസം. മുഴുവൻ ബന്ധുക്കൾക്കും ബിരുദം നൽകിയിട്ടേ മന്ത്രിസ്ഥാനം ഒഴിയൂ എന്ന വാശിയിലാണ് മന്ത്രി  കെ.ടി ജലീലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വട്ടിയൂര്‍ക്കാവിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ഡോ. കെ മോഹന്‍ കുമാറിന്‍റെ പ്രചരണാര്‍ത്ഥം നടത്തിയ ഭവന സന്ദർശനത്തിനിടെ സംസാരിക്കുകയായിരുന്നു അദ്ദേഹം.