പാലക്കാട് : പാലാ ഉപതെരഞ്ഞെടുപ്പിൽ യു.ഡി.എഫ് മിന്നുന്ന വിജയം നേടുമെന്ന് കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ. പാലായിൽ ചിഹ്നം സംബന്ധിച്ച് പ്രശ്നങ്ങളൊന്നുമില്ല. ചിഹ്നം സംബന്ധിച്ച തർക്കങ്ങൾ അടഞ്ഞ അധ്യായമാണെന്നും എല്ലാവരും കൂടിയാലോചിച്ചാണ് സ്ഥാനാർത്ഥിയെ തീരുമാനിച്ചതെന്നും മുല്ലപ്പള്ളി പറഞ്ഞു. ഇക്കാര്യത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ അന്തിമ തീരുമാനം എടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ടൈറ്റാനിയം കേസിൽ സംസ്ഥാന സർക്കാർ വൈരനിര്യാതന ബുദ്ധിയോടെ പ്രവർത്തിക്കുന്നതായി മുല്ലപ്പള്ളി രാമചന്ദ്രന്‍   കുറ്റപ്പെടുത്തി. കേസില്‍ ഏത് അന്വേഷണത്തെയും നേരിടുമെന്നും അദ്ദേഹം വ്യക്തമാക്കി. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പോലെ തന്നെയാണ് മുഖ്യമന്ത്രി പിണറായി വിജയനും പ്രവർത്തിക്കുന്നത്. കേന്ദ്രത്തിൽ പാന്‍റ് ഇട്ട മോദിയാണെങ്കിൽ കേരളത്തിലെ മുണ്ട് ഉടുത്ത മോദിയാണ് പിണറായി എന്നും മുല്ലപ്പള്ളി പാലക്കാട്‌ മാധ്യമങ്ങളോട് പറഞ്ഞു.