UDF മികച്ച വിജയം നേടും; ക്രമക്കേട് ചൂണ്ടിക്കാണിക്കുന്നവര്‍ക്കെതിരെ കേസെടുക്കുന്ന നടപടി കേട്ടുകേള്‍വിയില്ലാത്തത്: മുല്ലപ്പള്ളി രാമചന്ദ്രന്‍

Jaihind Webdesk
Wednesday, April 24, 2019

ലോക്സഭാ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് മികച്ച വിജയം നേടുമെന്ന് കെ.പി. സി. സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ. കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരായ വിധിയെഴുത്ത് തെരഞ്ഞെടുപ്പ് ഫലത്തിൽ പ്രതിഫലിക്കും.  മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടീകാ റാം മീണക്കെതിരെയും അദ്ദേഹം രംഗത്തെത്തി. വോട്ടിംഗ് മെഷീനെതിരെ പരാതി നൽകിയാൽ കേസെടുക്കുമെന്ന് പറയുന്നത് കേട്ടുകേൾവിയില്ലാത്തതാണെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. കേരളത്തിൽ 20 മണ്ഡലങ്ങൾ യു.ഡി.എഫ് തൂത്തുവാരുമെന്ന് മുല്ലപ്പള്ളി കോഴിക്കോട് പറഞ്ഞു.

ജനാധിപത്യ രാജ്യമാണെന്ന കാര്യം തെരഞ്ഞെടുപ്പ് കമ്മീഷൻ മറക്കരുത്. ടീകാ റാം മീണ തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ പദവി ദുരുപയോഗപ്പെടുത്തരുത്. വോട്ടിംഗ് മിഷിനെതിരെ പരാതി നൽകിയാൽ കേസെടുക്കുമെന്ന് പറയുന്നത് കേട്ടുകേൾവിയില്ലാത്തത്. സ്വതന്ത്രമായി നിർഭയമായി തെരഞ്ഞെടുപ്പ് നടത്തിയാൽ ഉത്തര മലബാറിലെ ഒരു സീറ്റ് പോലും സി.പി.എമ്മിന് കിട്ടില്ല. തെരഞ്ഞെടുപ്പ് കമ്മീഷൻ ഇടപെട്ടില്ലെങ്കിൽ ഉത്തര മലബാറിൽ തെരഞ്ഞെടുപ്പ് പ്രഹസനമാകുമെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു.

വടകരയിൽ പി ജയരാജന്‍റെ ബൂത്തിലടക്കം കളളവോട്ട് നടന്നു. ഏകാധിപത്യത്തിൽ പോലും കാണാത്ത സ്വഭാവമാണ് പിണറായിയുടേതെന്നും മുല്ലപ്പള്ളി പറഞ്ഞു. കോൺഗ്രസിൽ ഫണ്ടിന് പരിമിതിയുണ്ടായിരുന്നു. പക്ഷേ ഒരു സ്ഥാനാർത്ഥിയോടും  വിവേചനം കാണിച്ചിട്ടില്ല. ഒളിക്യാമറാ വിവാദം കോഴിക്കോട് മണ്ഡലത്തിൽ ബാധിക്കില്ലെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.