കേരളം യു.ഡി.എഫിനൊപ്പം: 18 സീറ്റുകള്‍ നേടും; ആദ്യ ട്രെന്റുകള്‍ പുറത്ത്

Jaihind Webdesk
Monday, April 29, 2019

ലോക്‌സഭാ തെരഞ്ഞെടുപ്പ് കേരളത്തില്‍ കഴിഞ്ഞ സാഹചര്യത്തില്‍ ഓരോ മുന്നണികളും കണക്കുകൂട്ടലുകളിലായിരുന്നു. ശക്തമായ പോരാട്ടമായിരുന്നു പല മണ്ഡലങ്ങളിലും നടന്നത്. ഉയര്‍ന്ന പോളിങ്ങ് ശതമാനം രേഖപ്പെടുത്തിയ സംസ്ഥാനത്ത് ശബരിമലയും രാഹുല്‍ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വവുമാണ് കാരണമായതെന്നതാണ് പ്രാഥമിക വിലയിരുത്തല്‍. അതുകൊണ്ട് തന്നെ ശബരിമല ആരെ തുണച്ചെന്നതാണ് കേരളം ഉറ്റുനോക്കുന്നത്. ഇവരണ്ടും യു.ഡി.എഫിന് ഗുണകരമായി എന്നതാണ് കോണ്‍ഗ്രസ് വിലയിരുത്തല്‍.

രണ്ടുമണ്ഡലങ്ങള്‍ ഒഴികെയുള്ളതില്‍ യു.ഡി.എഫ് വിജയിക്കുമെന്നാണ് കോണ്‍ഗ്രസിന്റെ പ്രതീക്ഷ. സിപിഎം കോട്ടയായ കാസര്‍കോടും ആലത്തൂരും വലിയ മുന്നേറ്റങ്ങള്‍ ഉണ്ടാക്കാന്‍ കഴിഞ്ഞെന്നാണ് യുഡിഎഫ് വിലയിരുത്തുന്നത്.

കാസര്‍ഗോഡ് രാജ്‌മോഹന്‍ ഉണ്ണിത്താന് വലിയ രീതിയില്‍ എല്‍.ഡി.എഫ് വോട്ടുബാങ്കുകളില്‍ വിള്ളലുണ്ടാക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്ന് പാര്‍ട്ടി വിലയിരുത്തുന്നു. പുറത്തുവന്ന പല സര്‍വ്വേകളിലും കാസര്‍ഗോഡ് ഉണ്ണിത്താന്റെ വിജയം പ്രവചിച്ചിരുന്നു. ശക്തമായ മത്സരം നടന്ന ആലത്തൂരില്‍ രമ്യ ഹരിദാസ് മികച്ച പ്രകടനം കാഴ്ചവെച്ചു.

ഇടതുവോട്ടുകള്‍ പോലും രമ്യയ്ക്ക് ലഭിച്ചെന്ന അവകാശവാദവും കോണ്‍ഗ്രസിനുണ്ട്. ആലപ്പുഴയിലും അവസാന നിമിഷം കാര്യങ്ങള്‍ യുഡിഎഫിന് അനുകൂലമായെന്നാണ് വിലയിരുത്തുന്നത്. പ്രചരണത്തിന്റെ എല്ലാഘട്ടങ്ങളിലും യുഡിഎഫിന് ആധിപത്യം സ്ഥാപിക്കാനായി എന്നാണ് വിലയിരുത്തുന്നത്.

ശക്തമായ ത്രികോണ മത്സരം നടന്ന പത്തനംതിട്ടയില്‍ സിറ്റിങ്ങ് എംപി ആന്റോ ആന്റണി പിടിച്ച് നിന്നെന്നാണ് കണക്ക് കൂട്ടല്‍. വിവിധ ഘടകങ്ങള്‍ വലിയ ഭൂരിപക്ഷം പ്രവചിക്കുന്നുണ്ട്.
തിരുവനന്തപുരത്ത് ശശി തരൂര്‍ തന്നെ വിജയിക്കുമെന്നാണ് വിലയിരുത്തല്‍. മണ്ഡലത്തില്‍ ന്യൂനപക്ഷ മേഖലകളിലും തീര മേഖലകളിലും പോളിങ്ങ് ഉയര്‍ന്നത് യുഡിഎഫിന് പ്രതീക്ഷ പകരുന്നതാണ്. ബിജെപിക്ക് സ്വാധീനമുള്ള നേമം, വട്ടിയൂര്‍ക്കാവ് മേഖലകളില്‍ പോളിങ്ങ് ഉയര്‍ന്നില്ലെന്നതും യുഡിഎഫിന് അനുകൂലമാണ് കാര്യങ്ങള്‍.

വയനാട്ടില്‍ ചരിത്ര വിജയം രാഹുല്‍ ഗാന്ധി നേടുമെന്നാണ് കണക്കാക്കുന്നത്. മണ്ഡലത്തില്‍ കുറഞ്ഞത് രണ്ടര ലക്ഷം വോട്ടിന്റെ ഭൂരിപക്ഷമാണ് രാഹുലിന് പ്രതീക്ഷിക്കുന്നത്. മലപ്പുറത്തെ ലീഗ് കേന്ദ്രങ്ങളില്‍ നിന്ന് മാത്രം ഒന്നര ലക്ഷം വോട്ടിന്റെ ഭൂരിപക്ഷം പ്രതീക്ഷിക്കുന്നുണ്ട്.
പൊന്നാനിയിലും മലപ്പുറം തിരിഞ്ഞ് നോക്കേണ്ടി വരില്ലെന്നാണ് വിലയിരുത്തുന്നത്. കുഞ്ഞാലിക്കുട്ടി രണ്ട് ലക്ഷം വോട്ടുകളുടെ ഭൂരിപക്ഷത്തിനും ഇടി മുഹമ്മദ് ബഷീര്‍ കുറഞ്ഞത് ഒരു ലക്ഷം ഭൂരിപക്ഷത്തിനും വിജയിക്കുമെന്നാണ് കണക്കാക്കുന്നത്.

കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ നേതൃത്വത്തില്‍ ഏഴ് നിയമസഭാ മണ്ഡലം കമ്മിറ്റികള്‍ കൂടിയാണ് കണക്കുകള്‍ സംബന്ധിച്ച നിഗമനത്തില്‍ എത്തിയത്. വോട്ടെടുപ്പിനെ കുറിച്ചുള്ള നേതൃത്വത്തിന്റെ റിപ്പോര്‍ട്ട് സംസ്ഥാന നേതൃത്വം ഹൈക്കമാന്റിന് കൈമാറും.