ജലീലിനെതിരെ പ്രതിഷേധം കടുപ്പിക്കാന്‍ യു.ഡി.എഫ്; മന്ത്രിയെ എന്‍.ഐ.എ വീണ്ടും ചോദ്യം ചെയ്യും

തിരുവനന്തപുരം : മന്ത്രി കെ.ടി ജലീലിന്‍റെ രാജിക്കായി സമരം ശക്തമാക്കി യു.ഡി.എഫ്. പൊതുസമൂഹത്തിന്‍റെ മുന്നില്‍ മന്ത്രി സംശയത്തിന്‍റെ നിഴലില്‍ ആയതിനാല്‍ ധാര്‍മ്മികത മുന്‍നിര്‍ത്തി രാജി വെക്കണമെന്നാണ് അവശ്യം. അതേസമയം സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മന്ത്രി കെ.ടി ജലീലിനെ എന്‍.ഐ.എ വീണ്ടും ചോദ്യം ചെയ്യും. സ്വര്‍ണ്ണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്നാ സുരേഷിനെ കസ്റ്റഡിയില്‍ ചോദ്യം ചെയ്ത ശേഷമാകും ഇനി ജലീലിനെ ചോദ്യം ചെയ്യുക എന്നാണ് സൂചന. സ്വപ്നയുമായി ഔദ്യോഗിക ബന്ധത്തിനപ്പുറത്തുള്ള ബന്ധങ്ങള്‍ മന്ത്രിക്ക് ഉണ്ടായിരുന്നുവെന്നാണ് അന്വേഷണ സംഘം സംശയിക്കുന്നത്.

കേന്ദ്ര ഏജന്‍സികള്‍ ചോദ്യം ചെയ്ത മന്ത്രി കെ.ടി ജലീലിനെതിരെ സംസ്ഥാന വ്യാപകമായി ശക്തമായ പ്രതിഷേധമാണ് നിലനില്‍ക്കുന്നത്. മന്ത്രി കെ.ടി ജലീലിന്‍റെ രാജിക്കായി നടക്കുന്ന പ്രതിഷേധം ഇന്ന് എട്ടാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. ഇതിനിടെ ഖുറാന്‍ ഉയര്‍ത്തി മന്ത്രിയെ സംരക്ഷിക്കാനുള്ള ശ്രമങ്ങളുമായി സി.പി.എമ്മും ഇടതുമുന്നണിയും രംഗത്തെത്തി. മന്ത്രിക്കെതിരായ സമരത്തെ ഖുറാന് എതിരായ സമരമെന്ന് തെറ്റിദ്ധരിപ്പിക്കാനാണ് സി.പി.എമ്മും ഇടതുമുന്നണിയും ശ്രമിക്കുന്നത്. ഖുറാന്‍ ഉയര്‍ത്തിയുള്ള പ്രചാരണം സി.പി.എമ്മിന് തന്നെ തിരിച്ചടിയാകുമെന്ന വിലയിരുത്തലിലാണ് യു.ഡി.എഫ്. സ്വർണ്ണക്കടത്തിലൂന്നി പ്രതിഷേധം കടുപ്പിക്കാനാണ് യു.ഡി.എഫ് തീരുമാനം.

അതേസമയം നയതന്ത്ര പാഴ്സലിലൂടെയുള്ള സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്നാ സുരേഷിന്‍റെ രണ്ടാം ഘട്ട മൊഴി മന്ത്രി കെ.ടി ജലീലിന് നിർണായകമാകും. സ്വപ്നയുടെ മൊബൈൽ ഫോൺ, ലാപ്ടോപ് തുടങ്ങിയവയിൽ നിന്നു ലഭിച്ച ഡിജിറ്റൽ തെളിവുകളുടെ അടിസ്ഥാനത്തിലാകും സ്വപ്നയെ വീണ്ടും ചോദ്യം ചെയ്യുക.

Comments (0)
Add Comment