അമിത് ഷായുടെ വയനാട് വിവാദ പരാമര്‍ശം വര്‍ഗീയത ആളിക്കത്തിക്കാനുള്ള ശ്രമം; കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കുമെന്ന് രമേശ് ചെന്നിത്തല

Jaihind Webdesk
Wednesday, April 10, 2019

Amit-Shah-Chennithala

വയനാടിനെക്കുറിച്ചുള്ള ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത്ഷായുടെ പരാമർശം വർഗീയത ആളിക്കത്തിക്കാനുള്ള ശ്രമമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇതിനെതിരെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകുമെന്നും രമേശ് ചെന്നിത്തല അറിയിച്ചു.

രാഹുല്‍ ഗാന്ധി മത്സരിക്കുന്ന വയനാട്ടിലെ റാലി കണ്ടാല്‍ അത് ഇന്ത്യയിലാണോ പാകിസ്ഥാനിലാണോ നടക്കുന്നതെന്ന് പറയാനാവില്ലെന്നായിരുന്നു അമിത് ഷായുടെ വിവാദ പരാമര്‍ശം. രാഹുല്‍ ഗാന്ധി വയനാട്ടില്‍ നാമനിര്‍ദേശ പത്രിക നല്‍കാനെത്തിയപ്പോള്‍ മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ കൊടിയുമേന്തി നടത്തിയ റാലിയൊണ് അമിത് ഷാ പാകിസ്ഥാനാക്കി മാറ്റാന്‍ ശ്രമിച്ചത്. നാഗ്പൂരിലെ തെരഞ്ഞെടുപ്പ് പരിപാടിക്കിടെയായിരുന്നു അമിത് ഷായുടെ വിവാദ പരാമര്‍ശം.

നേരത്തെ ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് മുസ്ലിം ലീഗിനെതിരെ വര്‍ഗീയ പരാമര്‍ശം നടത്തിയതും വിവാദമായിരുന്നു. രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കാന്‍ തീരുമാനിച്ചതു മുതല്‍ വര്‍ഗീയ ആരോപണങ്ങള്‍ അഴിച്ചുവിടുകയാണ് ബി.ജെ.പി ചെയ്യുന്നത്. ഇതിനെതിരെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കാനാണ് യു.ഡി.എഫ് തീരുമാനം.