ജനുവരി 30 ന് ഭരണഘടനാ സംരക്ഷണ ദിനമായി യുഡിഎഫ് ആചരിക്കുമെന്ന് യുഡിഎഫ് കൺവീനർ ബെന്നി ബെഹനാൻ എംപി. പരിപാടിയുടെ ഭാഗമായി പതിനാല് ജില്ലാ ആസ്ഥാനങ്ങളിൽ ലഭ്യമാകുന്ന വിസ്തൃതമായ സ്ഥലത്ത് ഇന്ത്യയുടെ മനുഷ്യ ഭൂപടം തീർക്കും. തൃവർണ്ണ പതാകയുടെ നിറത്തിലാകും ഭൂപടം നിർമ്മിക്കുക. 4.30 ന് റിഹേഴ്സൽ, 5 മണിക്ക് ഭൂപടം നിർമ്മിക്കും.
മഹാത്മജി വെടിയേറ്റ് മരിച്ച 5.17 ന് പ്രതിജ്ഞ, ശേഷം പൊതുയോഗവും നടക്കും. കോൺഗ്രസ് ദേശീയ നേതാക്കളും, കലാ-കായിക രംഗത്ത് പ്രവർത്തിക്കുന്നവരും പങ്കെടുമെന്നും അദ്ദേഹം പറഞ്ഞു. ഇതിന് മുന്നോടിയായി 20 മുതൽ 25 വരെ പ്രാദേശിക ഭരണഘടനാ സംരക്ഷണ സമിതികൾ രൂപീകരിക്കും. ഭരണഘടന സംരക്ഷിക്കണമെന്നാവശ്യപെട്ട് രാഷ്ട്രപതിക്ക് ഒരു കോടി കത്തുകൾ അയക്കുമെന്നും അദ്ദേഹം പറഞ്ഞു. കൊച്ചിയിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ വി കെ ഇബ്രാഹിം കുഞ്ഞ് എംഎൽഎ തുടങ്ങിയ യുഡിഎഫ് നേതാക്കൾ പങ്കെടുത്തു.