ലോക്സഭാ തെരഞ്ഞെടുപ്പിന്‍റെ ഫലം അറിയാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ യുഡിഎഫിന് ജയസാധ്യത എന്ന വിലയിരുത്തലുമായി അഡ്വ. എ ജയശങ്കര്‍. കേരളത്തില്‍ 15 സീറ്റ് യുഡിഎഫിന് ലഭിക്കുമെന്നും 5 സീറ്റ് മാത്രമാകും എല്‍ഡിഎഫിന് ലഭിക്കുകയെന്നും അദ്ദേഹം പറയുന്നു. കേരളത്തില്‍ ഇക്കുറിയും താമര വിരിയില്ലെന്നും അഡ്വ. എ ജയശങ്കര്‍ വിലയിരുത്തുന്നു.
രാഷ്ട്രീയ പാര്‍ട്ടികളുടെ കണക്ക് കൂട്ടലുകള്‍ ഒരു വശത്ത് പുരോഗമിക്കവെ രാഷ്ട്രീയ നിരീക്ഷകനായ ജയശങ്കര്‍ തെരഞ്ഞെടുപ്പ് ഫലത്തെ കുറിച്ചുള്ള തന്‍റെ വിലയിരുത്തലുകളുമായി മുന്നോട്ട് വന്നിരിക്കുകയാണ് ഇപ്പോള്‍. ലോക്സഭ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ ഏറ്റവും കൂടുതല്‍ സീറ്റുകളില്‍ വിജയിക്കാന്‍ സാധ്യത യുഡിഎഫിനാണെന്നാണ് അഡ്വ. എ ജയശങ്കര്‍ അഭിപ്രായപ്പെടുന്നത്. ഇടതുമുന്നണിക്ക് വലിയ തിരിച്ചടിയുണ്ടാവുമെന്നും ബിജെപി ഇത്തവണയും അക്കൗണ്ട് തുറക്കാന്‍ സാധ്യത കുറവാണെന്നും അദ്ദേഹം പറയുന്നത്.
ദേശീയ വിഷയങ്ങളാണ് ലോക്സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ ചര്‍ച്ച ചെയ്യപ്പെട്ടതെന്നും സംസ്ഥാനത്തെ പല മണ്ഡലങ്ങളിലും മുസ്ലീം-ക്രിസ്ത്യന്‍ വോട്ടുകള്‍ ഏകീകരിക്കപ്പെടുന്ന സ്ഥിതിയുണ്ടായെന്നും അദ്ദേഹം പറയുന്നു. അത് വലിയ തോതില്‍ യുഡിഎഫിലേക്കാണ് ഏകീകരിക്കപ്പെട്ടതെന്നും അഡ്വ. എ.ജയശങ്കര്‍ വിലയിരുത്തുന്നു.
കേന്ദ്രത്തില്‍ നരേന്ദ്ര മോദിയും ബിജെപിയും ഭരണത്തില്‍ തുടരുന്നതില്‍ കേരളത്തിലെ ന്യൂനപക്ഷങ്ങള്‍ക്ക് വലിയ ആശങ്കയുണ്ടെന്നും അത് വലിയ തോതില്‍ കേന്ദ്ര വിരുദ്ധ വോട്ടായി മാറിയിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു. അതേസമയം, ശബരിമല വിഷയത്തില്‍ ഹിന്ദു വോട്ടുകള്‍ ദ്രൂവീകരിക്കാന്‍ സാധ്യതയുണ്ടെന്നും എന്നാല്‍ ഇത്തവണയും കേരളത്തില്‍ താമര വിരിയാനുള്ള സാധ്യത കുറവാണെന്നും അദ്ദേഹം പറയുന്നു.
കഴിഞ്ഞ തവണത്തേത് പോലെ തന്നെ ഇത്തവണയും തിരുവനന്തപുരത്ത് ശശി തരൂര്‍ വിജയിച്ചു കയറും എന്ന സാധ്യതയിലേക്കാണ് ജയശങ്കര്‍ വിരല്‍ ചൂണ്ടുന്നത്.
ന്യൂനപക്ഷ വോട്ടുകളുടെ കേന്ദ്രീകരണത്തെ മറികടക്കുന്നതിനപ്പുറത്തുള്ള ഒരു ഹിന്ദു വികാരമുണ്ടായാലേ പത്തനംതിട്ടയില്‍ സുരേന്ദ്രനോ തിരുവനന്തപുരത്ത് കുമ്മനം രാജശേഖരനോ വിജയ സാധ്യതയുള്ളുവെന്നും അദ്ദേഹം പറയുന്നു.
സംസ്ഥാനത്തൊട്ടാകെ നടത്തിയ നിരീക്ഷണങ്ങളെ അടിസ്ഥാനമാക്കി അതിനാല്‍ തന്നെ യുഡിഎഫിനാണ് അദ്ദേഹം കൂടുതല്‍ വിജയസാധ്യത കല്‍പ്പിക്കുന്നത്. ഇടതുമുന്നണിയുടെ സീറ്റ് നില ഇപ്പോഴുള്ള 8 ല്‍ നിന്ന് 5 ലേക്ക് ചുരുങ്ങുമെന്നും ബിജെപിയുടെ പ്രതീക്ഷകള്‍ ഇത്തവണയും പൂവണിയാന്‍ പോവുന്നില്ലെന്നും അദ്ദേഹം വിലയിരുത്തുന്നു.