പ്രളയയദുരിതാശ്വാസ പ്രവർത്തനങ്ങളിൽ സർക്കാർ ദയനീയമായി പരാജയപ്പെട്ടതായി യു.ഡി.എഫ് നിയോഗിച്ച പ്രളയദുരിതാശ്വാസ പഠന സബ്കമ്മിറ്റി. ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഇപ്പോൾ സർക്കാരിന്‍റെ അജണ്ടയിൽ ഇല്ല. വീടും വീട്ടുപകരണങ്ങളും നഷ്ട്ടപെട്ടവരുടെ യഥാർഥ വിവരങ്ങൾ ശേഖരിക്കാൻ പോലും സർക്കാരിന് കഴിഞ്ഞിട്ടില്ലന്നും കമ്മിറ്റി കണ്ടെത്തി. കമ്മിറ്റി റിപ്പോർട്ട് കൺവീനർ കെ.സി ജോസഫ് എം.എൽ.എ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് കൈമാറി.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ലഭിച്ച തുക വ്യക്തമായി പുറത്തുവിടണമെന്ന് കമ്മിറ്റി ആവശ്യപെട്ടു. ഇതിൽ നിന്നും ചെലവഴിച്ച ഫണ്ടിന്‍റെ സോഷ്യൽ ഓഡിറ്റിംഗ് നടത്തണം. പ്രളയ ബാധിതരായ കൃഷിക്കാരുടെ അഞ്ചു ലക്ഷം രൂപ വരെയുള്ള കടങ്ങൾ എഴുതി തള്ളണമെന്നും കമ്മിറ്റി ശുപാർശ ചെയ്തു. വീട് തകർന്നവർക്ക് ധനസഹായം നൽകുന്നതിൽ ഗുരുതരമായ വീഴ്ച വന്നതായി കമ്മിറ്റി കണ്ടെത്തി. ചെറുകിട കച്ചവടക്കാർക്ക് പ്രഖാപിച്ച സഹായം നൽകിയിട്ടില്ല. ഫിഷറീസ്-ക്ഷീര-നെൽകൃഷി മേഖലകളിൽ അർഹരായവർക്ക് സഹായം ഒന്നും ലഭിച്ചിട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.
കുട്ടനാടിന്‍റെ പുനർജീവനത്തിന് സമഗ്രമായ പദ്ധതികൾ വേണമെന്നും കമ്മിറ്റി ശുപാർശ ചെയ്തു. എം.എൽ.എ.മാരായ വി.കെ ഇബ്രാഹിം കുഞ്ഞ്, മോൻസ് ജോസഫ്, അനൂപ് ജേക്കബ്, കെ.എസ് സനൽകുമാർ, എ നിസാർ, കളത്തിൽ വിജയൻ എന്നിവരാണ് സബ് കമ്മിറ്റി അംഗങ്ങൾ.