മുഖ്യമന്ത്രിക്കും സർക്കാരിനുമെതിരെ പ്രതിഷേധമിരമ്പി യുഡിഎഫിന്‍റെ ‘സ്പീക്ക് അപ് കേരള’  സത്യാഗ്രഹം; പിണറായിയുടെ രാജി ആവശ്യത്തിലുറച്ച് നേതാക്കള്‍

Jaihind News Bureau
Monday, August 3, 2020

 

തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്ത് കേസിലും അഴിമതികളിലും മുഖ്യമന്ത്രിക്കും സർക്കാരിനുമെതിരെ പ്രതിഷേധമിരമ്പി യുഡിഎഫിന്‍റെ ‘സ്പീക്ക് അപ് കേരള’  സത്യാഗ്രഹം. യു.ഡി.എഫ്. എം.പിമാര്‍, എം.എല്‍.എ.മാര്‍ യു.ഡി.എഫ്. ചെയര്‍മാന്‍മാര്‍, കണ്‍വീനര്‍മാര്‍, ഡി.സി.സി. പ്രസിഡന്‍റുമാര്‍, യു.ഡി.എഫ്. നേതാക്കള്‍ എന്നിവര്‍ സത്യഗ്രഹത്തിന് നേതൃത്വം നല്‍കി. രാവിലെ 9 ന് ആരംഭിച്ച സത്യാഗ്രഹം കേരളത്തിന്‍റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്നിക് ഉദ്ഘാടനം ചെയ്തു. സമാപനം എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ എം.പി ഉദ്ഘാടനം ചെയ്തു.

കൊവിഡിനെ മറയാക്കി എൽഡിഎഫ് സർക്കാർ അഴിമതി നടത്തുന്നുവെന്ന്  മുകുൾ വാസ്നിക് പറഞ്ഞു. സ്വർണ്ണക്കള്ളക്കടത്ത് കേസ് ദേശീയ തലത്തിൽ പോലും നാണക്കേടുണ്ടാക്കി. കേരളത്തിലെ നരേന്ദ്ര മോദിയാണ് പിണറായി വിജയന്‍. കേരളം സുരക്ഷിത കരങ്ങളിലെന്ന് വിശ്വസിക്കാനാവില്ല. അഴിമതിക്ക് കുട പിടിക്കുന്നതിന് അപ്പുറത്തേക്ക് ഈ സർക്കാരിന് ഒന്നും ചെയ്യാനാവുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

സ്വർണ്ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ ഓഫീസിന്‍റെ വിശ്വാസ്യത നഷ്ടപ്പെട്ടുവെന്ന് കെ.സി വേണുഗോപാല്‍ എം.പി പറഞ്ഞു. ഉത്തരവാദിത്തങ്ങളില്‍ നിന്നും മുഖ്യമന്ത്രിക്ക് ഒഴിഞ്ഞുമാറാനാകില്ല. പിന്‍വാതില്‍ നിയമനങ്ങള്‍ നടത്താനാണ് സർക്കാരിന് താല്‍പ്പര്യം. കോടിയേരി ബാലകൃഷ്ണന്‍റെ സർട്ടിഫിക്കറ്റ് പ്രതിപക്ഷ നേതാവിന് വേണ്ടെന്നും അദ്ദേഹം പറഞ്ഞു.

കൺസൾട്ടൺസികളുടെ മറവിൽ ഇടത് സർക്കാർ വ്യാപക അഴിമതികള്‍ നടത്തിയെന്ന് മുൻ മുഖ്യമന്ത്രി  ഉമ്മൻചാണ്ടിയും പറഞ്ഞു. പുതുപ്പള്ളി പാമ്പാടി മണ്ഡലത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വർണ്ണക്കള്ളക്കടത്ത് കേസിൽ ഉൾപ്പെട്ടവരെ സംരക്ഷിക്കുന്ന അതീവ ഗുരുതരമായ നീക്കമാണ് മുഖ്യമന്ത്രി നടത്തുന്നത് എന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും പറഞ്ഞു. മുഖ്യമന്ത്രിയുടെ ഓഫീസും മുഖ്യമന്ത്രിയുടെ അറിവോടെ നടത്തിയ രാജ്യാന്തര ഉടമ്പടികളും അന്വേഷണ വിധേയമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സർക്കാരിന്‍റെ പിൻവാതിൽ നിയമനങ്ങളും സിബിഐ അന്വേഷിക്കണം. ട്രഷറി കുംഭകോണത്തിന് നേതൃത്വം നൽകുന്നത് എൻജിഒ യൂണിയനുമായി അടുത്ത ബന്ധമുള്ളവരാണ്. പ്രളയ ഫണ്ട് തട്ടിപ്പ് നടത്തിയ എൻജിഒ യുണിയനിലുള്‍പ്പട്ടവരേയും സർക്കാർ സംരക്ഷിക്കുന്നു. അഴിമതികള്‍ മുഖ്യമന്ത്രിയിലേക്ക് നീളുമെന്ന് കാണുമ്പോൾ വിജിലൻസ് അന്വേഷണത്തിന് അനുമതി നൽകുന്നില്ല. വിജിലൻസ് കോടതിയെ സമീപിക്കുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

പിണറായി സർക്കാർ സംസ്ഥാനത്തിന് ബാധ്യതയെന്ന് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു.
ഇതു പോലെ ജനദ്രോഹം നടത്തിയ സർക്കാർ വേറെ ഉണ്ടായിട്ടില്ല. ദേശവിരുദ്ധശക്തികളാണ് മുഖ്യമന്ത്രിയുടെ ഓഫീസ് ഭരിക്കുന്നത്. രാജ്യാന്തര മാനങ്ങളുള്ള സ്വർണക്കടത്ത് കേസ് റോയും സിബിഐയും അന്വേഷിക്കണം. ശിവശങ്കറിനെതിരെയുള്ള വിജിലൻസ് അന്വേഷണം കൊണ്ട് എന്ത് പ്രയോജനമെന്നും അദ്ദേഹം ചോദിച്ചു. വിജിലൻസ് ഉദ്യോഗസ്ഥർ പിണറായിയുടെ ആജ്ഞാനുവർത്തികളാണ്. ബിജെപി കേന്ദ്ര നേതൃത്വത്തിന് സ്വർണ്ണക്കടത്ത് അന്വേഷിക്കാൻ താല്പര്യമില്ലെന്നും കെപിസിസി അധ്യക്ഷൻ പറഞ്ഞു.

പിണറായി സർക്കാരിന് ഒരു നിമിഷം പോലും അധികാരത്തിൽ തുടരാൻ ധാർമികമായ അവകാശം ഇല്ലെന്ന് പി.കെ കുഞ്ഞാലിക്കുട്ടി എം.പി പറഞ്ഞു. അധികാരത്തിന്‍റെ  മറവിൽ സംസ്ഥാനത്ത് സ്വർണ്ണക്കടത്ത് നടന്നു. കേരളത്തിൽ സംഭവിച്ചത് ലോകത്തെവിടെയും സംഭവിച്ചിട്ടില്ല. കേരളത്തിലെ എല്ലാവരും സംസാരിക്കേണ്ട സമയമാണിത് . റാങ്ക്ഹോൾഡേഴ്സിനെ നോക്കുകുത്തിയാക്കി സ്വപ്നയെപ്പോലുള്ളവർക്ക് നിയമനങ്ങൾ നൽകിയെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയുടെ ഓഫീസിന് സ്വര്‍ണക്കടത്തുമായി അടുത്തബന്ധമെന്നതിന് കൂടുതല്‍ തെളിവുകള്‍ ദിവസവും പുറത്തുവരുന്നുവെന്ന് യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബെഹനാന്‍ എംപിയും പറഞ്ഞു.