മുഖ്യമന്ത്രിയുടെയും മന്ത്രി ജലീലിന്‍റെയും രാജി ആവശ്യപ്പെട്ട്‌ യുഡിഎഫ്‌ സത്യാഗ്രഹം 12ന്‌

Jaihind News Bureau
Sunday, October 11, 2020

സ്വര്‍ണ്ണക്കള്ളക്കടത്ത്‌ പ്രതികളെ സംരക്ഷിക്കുകയും സഹായിക്കുകയും ചെയ്‌ത മുഖ്യമന്ത്രിയും മന്ത്രി ജലീലും രാജിവയ്‌ക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ യു.ഡി.എഫ്‌ നടത്തുന്ന സ്‌പീക്ക് അപ്പ്‌ കേരള സമരപരമ്പരകളുടെ നാലാം ഘട്ടത്തിന്‍റെ ഭാഗമായി ഒക്ടോബര്‍ 12ന്‌ സംസ്ഥാനത്തുടനീളം സത്യാഗ്രഹ സമരം സംഘടിപ്പിക്കും. ഒരു നിയോജക മണ്ഡലത്തില്‍ തെരഞ്ഞെടുക്കപ്പെട്ട മൂന്ന്‌ കേന്ദ്രങ്ങളിലാണ്‌ കൊവിഡ്‌ മാനദണ്ഡങ്ങള്‍ പാലിച്ച്‌ സത്യാഗ്രഹം നടത്തുന്നതെന്ന്‌ യുഡിഎഫ്‌ കണ്‍വീനര്‍ എം.എം.ഹസ്സന്‍ അറിയിച്ചു.

കേരളത്തില്‍ 140 നീയോജക മണ്ഡലങ്ങളിലായി 420 കേന്ദ്രങ്ങളില്‍ സത്യാഗ്രഹം സംഘടിപ്പിക്കും. സംസ്ഥാനതല ഉദ്‌ഘാടനം സെക്രട്ടേറിയറ്റിന്‌ മുന്നില്‍ രാവിലെ 10ന്‌ പ്രതിപക്ഷ നേതാവ്‌ രമേശ്‌ ചെന്നിത്തല നിര്‍വഹിക്കും. കെ.പി.സി.സി പ്രസിഡന്‍റ്‌ മുല്ലപ്പള്ളി രാമചന്ദ്രന്‍, യുഡിഎഫ്‌ കണ്‍വീനര്‍ എം.എം.ഹസ്സന്‍, സിഎംപി ജനറല്‍ സെക്രട്ടറി സിപി ജോണ്‍, വി.എസ്‌ ശിവകുമാര്‍, ഡിസിസി പ്രസിഡന്‍റ്‌ നെയ്യാറ്റിന്‍കര സനല്‍, യുഡിഎഫ്‌ ജില്ലാ ചെയര്‍മാന്‍ സോളമന്‍ അലക്‌സ്‌, കണ്‍വീനര്‍ ബീമാപ്പള്ളി റഷീദ്‌ തുടങ്ങിയവര്‍ പങ്കെടുക്കും.