സംസ്ഥാനത്ത് ചരിത്രത്തിൽ ഇതുവരെയില്ലാത്ത ഗുരുതര സാമ്പത്തിക പ്രതിസന്ധിയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സംസ്ഥാനത്തിന്റെ ധനസ്ഥിതി വ്യക്തമാക്കുന്നതിനായി യുഡിഎഫ് പുറത്തിറക്കിയ ധവളപത്രം പ്രകാശനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാനത്ത് വികസന പ്രവർത്തനങ്ങൾ പൂർണമായും നിലച്ചുവെന്നും ബജറ്റിലെ പദ്ധതികള്‍ പ്രഖ്യാപനങ്ങൾ മാത്രമായി നിൽക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. നികുതി പിരിവിൽ ഗുരുതര വീഴ്ചയാണ് ഉണ്ടായിട്ടുള്ളത്.
അനാവശ്യമായി ഉന്നത തസ്തികകൾ സൃഷ്ടിക്കുന്നു. സ്വന്തക്കാർക്കും ഇഷ്ടക്കാർക്കും ക്യാബിനറ്റ് റാങ്കും ചീഫ് സെക്രട്ടറി പദവിയും നൽകുന്നു. അനാവശ്യമായ ധൂർത്തും അഴിമതിയും സർക്കാരിന്റെ മുഖമുദ്രയായി മാറിയെന്നും ഇത്രയും ധൂർത്ത് നടത്തിയ സർക്കാർ ഇതിന് മുമ്പ് കേരളത്തിൽ ഉണ്ടായിട്ടില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മൂന്നര വർഷം കൊണ്ട് കേരളത്തെ സർക്കാർ കുളം തോണ്ടിയെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി.