കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹ നയങ്ങള്‍ക്കെതിരെ പ്രതിഷേധത്തിന് യുഡിഎഫ്; 20 ന് നിയോജകമണ്ഡലാടിസ്ഥാനത്തില്‍ ധര്‍ണ്ണ

 

തിരുവനന്തപുരം : കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ജനദ്രോഹ നയങ്ങള്‍ക്കെതിരെ പ്രതിഷേധിക്കാൻ യുഡിഎഫ് തീരുമാനം. സെപ്റ്റംബർ 20 ന് യുഡിഎഫിന്‍റെ നേതൃത്വത്തില്‍ നിയോജകമണ്ഡലാടിസ്ഥാനത്തില്‍ ധര്‍ണ്ണ നടത്തും. തെരഞ്ഞെടുപ്പ് പരാജയത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാനും ഭാവി പരിപാടികള്‍ തീരുമാനിക്കാനുമായി 23 ന് യുഡിഎഫ് സംസ്ഥാന ഏകോപന സമിതി തിരുവനന്തപുരത്ത് ചേരും.

പെട്രോള്‍, ഡീസല്‍, പാചകവാതക വില വര്‍ധനവ് പിന്‍വലിക്കുക, പൊതുമേഖലാ സ്ഥാപനങ്ങളും പൊതുമുതലും കോര്‍പറേറ്റുകള്‍ക്ക് വിറ്റുതുലയ്ക്കുന്ന കേന്ദ്ര ഗവണ്‍മെന്‍റ് നടപടി അവസാനിപ്പിക്കുക, മുട്ടില്‍ മരംമുറി കേസിൽ സംസ്ഥാന സര്‍ക്കാര്‍ നീതിപൂര്‍വമായ അന്വേഷണം നടത്തുക, ഡോളര്‍ കള്ളക്കടത്ത് കേസിൽ മുഖ്യമന്ത്രിക്കെതിരെയുള്ള മൊഴിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്തുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് സെപ്തംബര്‍ 20 ന് രാവിലെ 10 മണിമുതല്‍ ഒരു മണിവരെയാണ് ധർണ്ണ. യുഡിഎഫ് നിയോജക മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് മുമ്പിലാണ് ധര്‍ണ്ണ. ധര്‍ണ്ണയുടെ സംസ്ഥാനതല ഉദ്ഘാടനം എറണാകുളം ജില്ലയില്‍ പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ നിര്‍വഹിക്കും. കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍ എംപി കണ്ണൂരില്‍ ജില്ലാതല ഉദ്ഘാടനം നിര്‍വഹിക്കും.

തെരഞ്ഞെടുപ്പ് പരാജയത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാനും ഭാവി പരിപാടികള്‍ തീരുമാനിക്കാനുമായി സെപ്തംബര്‍ 23 ന് യുഡിഎഫ് സംസ്ഥാന ഏകോപന സമിതി തിരുവനന്തപുരത്ത് ചേരും. 2022 ജനുവരിയില്‍ സംസ്ഥാന കണ്‍വെന്‍ഷന്‍ നടത്താന്‍ തീരുമാനിച്ചതായും കണ്‍വീനര്‍ എം.എം ഹസന്‍ അറിയിച്ചു.

Comments (0)
Add Comment