സർക്കാരിന്‍റെ കരിനിയമങ്ങൾക്കെതിരെ ശബരിമലയിൽ യു.ഡി.എഫിന്‍റെ സമാധാനപരമായ പ്രതിഷേധം

Jaihind Webdesk
Tuesday, November 20, 2018

Sabarimala-UDF

ശബരിമലയിൽ സർക്കാരിന്‍റെ കരിനിയമങ്ങൾക്കെതിരെ യു.ഡി.എഫ് നടത്തിയത് സമാധാനപരമായ പ്രതിഷേധം. സമാധാനപരമായി നിരോധനാജ്ഞ ലംഘിക്കാനും പമ്പയിലെത്തി ഭക്തർക്കുള്ള അസൗകര്യങ്ങൾ നേരിട്ടു വിലയിരുത്തി മടങ്ങാനുമായിരുന്നു യു.ഡി.എഫ് തീരുമാനം. അതുകൊണ്ട് തന്നെ സന്നിധാനത്തേക്ക് പോകാതെ പമ്പയിലെത്തി തീർത്ഥാടകർക്കൊപ്പം നിലയുറപ്പിക്കുകയായിരുന്നു. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെയും കോൺഗ്രസ് പ്രവർത്തകസമിതിയംഗം ഉമ്മൻ ചാണ്ടിയുടെയും നേതൃത്വത്തിൽ നിരോധനാജ്ഞ ലംഘിച്ച് പ്രതിഷേധിച്ച യു.ഡി.എഫ് സംഘം വിശ്വാസി സമൂഹത്തിനൊപ്പം നിന്ന് ആചാരസംരക്ഷണത്തിനായി പേരാടുമെന്ന കൃത്യമായ സന്ദേശമാണ് നൽകിയത്.

ശബരിമലയിലെ സ്ഥിതി വിലയിരുത്താൻ കഴിഞ്ഞ ദിവസം ഏറണാകുളത്ത് ചേർന്ന യു.ഡി.എഫ് യോഗത്തിൽ ആചാരം പാലിക്കാൻ കഴിയാത്തതു കൊണ്ടുള്ള വിശ്വാസികളുടെ ആശങ്കയും ചർച്ച ചെയ്തിരുന്നു. ഇടതുസർക്കാരിന്‍റെ അനുമതിയോടെ ശബരിമലയിൽ പൊലീസ് ഏർപ്പെടുത്തിയ 144 ലംഘിക്കാനും ഭക്തർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന കരിനിയമങ്ങൾ പിൻവലിക്കാൻ സർക്കാരിനോട് ആവശ്യപ്പെടാനും തീരുമാനമായത്.

യു.ഡി.എഫ് യോഗമെടുത്ത തീരുമാനം വിശ്വാസികളായ ഭക്തർക്കൊപ്പം നിന്ന് നടപ്പാക്കുന്നതിന്റെ ഭാഗമായാണ് ഘടകകക്ഷിനേതാക്കളടക്കമുള്ളവർ മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെയും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെയും നേതൃത്വത്തിൽ പമ്പയിലേക്ക് തിരിച്ചത്. ഇവരെ നിലയ്ക്കലിൽ പൊലീസ് തടഞ്ഞതോടെ യു.ഡി.എഫ് സംഘം അവിടെ കുത്തിയിരുന്നു പ്രതിഷേധിച്ച് ശരണം വിളികൾ മുഴക്കി. എം.എൽ.എമാരെ മാത്രമേ കയറ്റിവിടാനാവൂ എന്ന പൊലീസ് നിലപാട് സംഘം അംഗീകരിച്ചില്ല.

144 പിൻവലിക്കണമെന്നും ഇത് യു.ഡി.എഫ് സംഘം ലംഘിക്കുകയാണെന്നും പ്രതിപക്ഷനേതാവ് പൊലീസിനെ അറിയിച്ചു.

ഭക്തർക്ക് വേണ്ടി പ്രതിഷേധിക്കുന്ന മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയേയും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയേയും ഇവരോടാപ്പം സംഘത്തിലുള്ള യു.ഡി.എഫ് നേതാക്കളെയും എം.പിമാരെയും എം.എൽ.എമാരെയും പൊലീസ് അറസ്റ്റ് ചെയ്താൽ പ്രതിഷേധം കനത്തേക്കുമെന്ന ഭയമായിരുന്നു ഇടതുസർക്കാരിനും പിണറായി വിജയനുമുണ്ടായത്. തുടർന്ന് തന്ത്രപൂർവ്വം വിഷയത്തിൽ ഇടപെട്ട മുഖ്യമന്ത്രിയുടെ ഓഫീസ് യു.ഡി.എഫ് സംഘത്തെ വിട്ടയയ്ക്കാൻ പൊലീസിനോട് ആവശ്യപ്പെടുകയായിരുന്നു.

യു.ഡി.എഫ് സംഘത്തെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യം ഉന്നയിച്ചുവെന്ന മുഖ്യമന്ത്രിയുടെ നുണപ്രചാരണത്തിനെയും പ്രതിപക്ഷനേതാവ് രൂക്ഷമായിതന്നെ വിമർശിച്ചു

യു.ഡി.എഫ് സംഘം സന്നിധാനത്തേക്ക് പോകാൻ തീരുമാനിച്ചിരുന്നില്ല എന്ന് ഇതിൽ നിന്നു തന്നെ വ്യക്തമാകുന്നു. ശബരിമല വിഷയത്തിൽ പ്രത്യക്ഷ സമരത്തിനിറങ്ങിയ യു.ഡി.എഫിന്റെ ആദ്യഘട്ട സമരം വിജയമായതോടെ തുടർസമരപരിപാടികൾ വിശ്വാസികൾക്കൊപ്പം ഉറച്ചു നിന്നു തുടരാൻ തന്നെ തീരുമാനിച്ചാണ് യു.ഡി.എഫ് സംഘം മടങ്ങിയത്.