വീണാ ജോര്‍ജിന്‍റെ ഭര്‍ത്താവിന്‍റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിനായി ഓടയുടെ അലൈൻമെന്‍റ് മാറ്റി; യുഡിഎഫ് പ്രതിഷേധം

 

പത്തനംതിട്ട: റോഡ് വികസനത്തിൽ അലൈൻമെന്‍റ് നീക്കാൻ മന്ത്രി വീണാ ജോർജിന്‍റെ ഭർത്താവ് ഇടപെട്ടതായി സിപിഎം നേതാവ് കൂടിയായ പഞ്ചായത്ത് പ്രസിഡന്‍റിന്‍റെ ആരോപണം. കൊടുമണ്ണിലുള്ള കെട്ടിടത്തിന്‍റെ മുന്നിലുള്ള ഓട നീക്കുവാനാണ് ജോർജ് ജോസഫിന്‍റെ ഇടപെടൽ. സിപിഎം ജില്ലാ കമ്മറ്റിയംഗവും പഞ്ചായത്ത് പ്രസിഡന്‍റുമായ കെ.കെ. ശ്രീധരനാണ് മന്ത്രിയുടെ ഭർത്താവിനെതിരെ പരാതി ഉയർത്തിയത്. ആരോഗ്യമന്ത്രി വീണാ ജോർജ് പ്രതിരോധത്തിലായതോടെ സിപിഎം ശ്രീധരനോട് വിശദീകരണം തേടി.

ആരോഗ്യമന്ത്രിയുടെ ഭര്‍ത്താവിന്‍റെ ഉടമസ്ഥതയിലുള്ള ഭൂമി സംരക്ഷിക്കുന്നതിനായി സിപിഎമ്മിന്‍റെയും പൊതുമരാമത്ത് വകുപ്പിന്‍റെയും വഴിവിട്ട സഹായം ലഭിച്ചതായി സിപിഎം നേതാവ് തന്നെ ആരോപണവുമായി രംഗത്തെത്തി. എതിര്‍പ്പുമായി എത്തിയത് ജില്ലാ കമ്മിറ്റി അംഗം കൂടിയായ പഞ്ചായത്ത് പ്രസിഡന്‍റാണ്. ഇതോടെ സിപിഎം ജില്ലാ നേതൃത്വവും വെട്ടിലായി. ഏഴംങ്കുളം കൈക്കൊട്ടൂര്‍ റോഡരികില്‍ കൊടുമണ്‍ സ്‌റ്റേഡിയത്തിന് എതിര്‍വശം ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്‍റെ ഭര്‍ത്താവ് ജോര്‍ജ് ജോസഫിന്‍റെ ഉടമസ്ഥതയിലുള്ള ഭൂമിയ്ക്ക് മുന്നിലുള്ള ഓടയാണ് അലൈന്‍മെന്‍റ് മാറ്റി നിര്‍മിക്കാന്‍ നീക്കം നടന്നത്. ഇത് പഞ്ചായത്ത് പ്രസിഡന്‍റും സിപിഎം നേതാവ് കൂടിയായ കെ.കെ. ശ്രീധരനും കോണ്‍ഗ്രസ് പ്രവര്‍ത്തകരും ചേര്‍ന്ന് തടഞ്ഞു. കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി പിന്നീട് വിട്ടയച്ചു. മന്ത്രിയുടെ ഭര്‍ത്താവ് ഭരണ സ്വാധീനം ഉപയോഗിച്ച് അലൈന്‍മെന്‍റ് മാറ്റുന്നതില്‍ പ്രതിഷേധിച്ച് കൊടുമണ്‍ പഞ്ചായത്തില്‍ നിന്നും യുഡിഎഫ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുകയാണ്.

Comments (0)
Add Comment