ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കുന്നതിനെതിരെ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കും: രമേശ് ചെന്നിത്തല

Jaihind Webdesk
Thursday, May 30, 2019

Ramesh-Chennithala

തിരുവനന്തപുരം: കേരളത്തിലെ വിദ്യാഭ്യാസ മേഖലയില്‍ കനത്ത പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുന്ന ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ട് ഏകപക്ഷീയമായി നടപ്പിലാക്കാന്‍ സര്‍ക്കാര്‍ തിരുമാനിച്ചതിനെതിരെ യു ഡി എഫ് ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇതിന്‍റെ ഭാഗമായി പ്രതിപക്ഷ അധ്യാപക സംഘടനകളുടെ യോഗം നാളെ പ്രതിപക്ഷ നേതാവിന്‍റെ ഔദ്യോഗിക വസതിയായ കന്റോണ്‍മെന്‍റ് ഹൗസില്‍ വിളിച്ച് ചേര്‍ക്കുമെന്നും അദ്ദേഹം അറിയിച്ചു.

ഈ വിഷയത്തില്‍ പ്രതിപക്ഷ നിയമസഭയില്‍ അടിയന്തിര പ്രമേയം കൊണ്ടുവരികയും ഭാഗികമായി മാത്രം പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് നടപ്പാക്കാനുള്ള സര്‍ക്കാരിന്‍റെ ശ്രമത്തിനെതിരെ ശക്തമായ ശബ്ദം ഉയര്‍ത്തുകയും ചെയ്തിട്ടും അതെല്ലാം അവഗണിച്ച് കൊണ്ട് റിപ്പോര്‍ട്ട് തികച്ചും ഏക പക്ഷീയമായി ഈ റിപ്പോര്‍ട്ട് നടപ്പിലാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. നിരവധി മാനേജ്‌മെന്‍റുകള്‍ റിപ്പോര്‍ട്ട് നടപ്പാക്കുന്നതിനെതിരെ രംഗത്ത് വന്നിട്ടുണ്ട്. അധ്യാപക സംഘടനകളുമായി ചര്‍ച്ച നടത്തി ഒരു സമവായത്തിലെത്താനും സര്‍ക്കാരിന് കഴിഞ്ഞിട്ടില്ല. നിയമ സഭയില്‍ അംഗത്വമുള്ള എല്ലാ കക്ഷികളുടെയും യോഗം ഇതു സംബന്ധിച്ച് വിളിച്ച് ചേര്‍ക്കാനും സര്‍ക്കാര്‍ തയ്യാറായില്ല. തികച്ചും രാഷ്ട്രീയ ലക്ഷ്യം മുന്‍ നിര്‍ത്തി സി പി എം അധ്യാപക സംഘടനയായ കെ എസ് ടി എ തയ്യാറാക്കിയ റിപ്പോര്‍ട്ട് ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ട് എന്ന പേരില്‍ അവതരിപ്പിക്കുകയായിരുന്നു. ഇടതു അധ്യാപക സംഘടനകള്‍ക്ക് വിദ്യാഭ്യാസ മേഖലയില്‍ മേല്‍ക്കൈ നേടിക്കൊടുക്കാന്‍ വേണ്ടി കേരളത്തിലെ വിദ്യാഭ്യാസ മേഖലയെ സമ്പൂര്‍ണ്ണമായി തകര്‍ക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്.

28 വര്‍ഷത്തോളം അക്കാദമിക് ഗുണമേന്മ-യോടും കാര്യക്ഷമതയോടും കൂടി പ്രവര്‍ത്തിക്കുന്ന ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസവകുപ്പിനെ സ്‌കൂള്‍ വിദ്യാഭ്യാസ വകുപ്പുമായി ലയിപ്പിച്ച് ഡയറക്ടര്‍ ഓഫ് ജനറല്‍ എഡ്യുക്കേഷന്‍റെ ഭാഗമാക്കാനുള്ള ഖാദര്‍ കമ്മീഷന്‍റെ ശിപാര്‍ശ ഗുണനിലവാരത്തകര്‍ച്ചയ്ക്കായിരിക്കും വഴിതെളിയിക്കുന്നത്. 10+2+3 എന്ന് ദേശീയ വിദ്യാഭ്യാസ നയത്തിന് കടകവിരുദ്ധമാണ് ഈ റിപ്പോര്‍ട്ടിലെ ശിപാര്‍ശകള്‍. 2009 – ലെ കേന്ദ്ര വിദ്യാഭ്യാസ അവകാശ നിയമം, സമഗ്ര ശിക്ഷാ അഭിയാന്‍, 2000 നവംബര്‍ 11 ന് പുറത്തുവന്ന സുപ്രീംകോടതി വിധി അനുസരിച്ചുള്ള ഹയര്‍ സെക്കന്‍ഡറി സ്പെഷ്യല്‍ റൂള്‍സ്, പ്രഫ. ലബ്ബ കമ്മിറ്റി ശിപാര്‍ശ ഇതെല്ലാം ഏറ്റവും പ്രധാനപ്പെട്ടവയാണ്. ഇവയ്ക്കെല്ലാം വിരുദ്ധമാണിത്. നിലവിലെ ഹയര്‍ സെക്കണ്ടറി അദ്ധ്യാപകരുടെ യോഗ്യത ഇളവ് നിര്‍ദ്ദേശം ഈ മേഖലയെ പൂര്‍ണ്ണമായും തകര്‍ക്കും. പരീക്ഷയുടെ ഏകീകരണം ഗുണകരമാകില്ലെന്നാണ് വിദ്യാഭ്യാസ വിദഗ്ധന്മാര്‍ അടക്കമുള്ളവര്‍ പറഞ്ഞുകൊണ്ടിരിക്കുന്നത്. എന്‍.സി.ഇ.ആര്‍.ടി. സിലബസ് ലഘൂകരിക്കുന്ന പാഠപുസ്തകങ്ങള്‍ മലയാളത്തിലാക്കുന്നതും ദേശീയ തലത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് വലിയ പ്രശ്നങ്ങളുണ്ടാക്കുന്നതാണ്. വസ്തുതകള്‍ ഇതെല്ലാമായിരിക്കെ ഈ റിപ്പോര്‍ട്ട് നടപ്പിലാക്കാനുള്ള സര്‍ക്കാര്‍ നീക്കത്തെ പ്രതിരോധിച്ചില്ലങ്കില്‍ കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയെ പൂര്‍ണ്ണമായും തകരുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.