കെഎസ്ഇബിയുടെ പകല്‍ക്കൊള്ളയ്‌ക്കെതിരെ യുഡിഎഫ്; ജൂണ്‍17 ന് ‘ലൈറ്റ്സ് ഓഫ് കേരള’ പ്രതിഷേധം, സര്‍ക്കാര്‍ നടപടിക്കെതിരെ ഓണ്‍ലൈന്‍ ക്യാമ്പെയ്ന്‍ സംഘടിപ്പിക്കുമെന്നും രമേശ് ചെന്നിത്തല| VIDEO

 

കൊവിഡിന്‍റെ മറവിലെ കെഎസ്ഇബിയുടെ വൈദ്യുതി ചാര്‍ജ് കൊള്ളയ്‌ക്കെതിരെ ശക്തമായ പ്രതിഷേധത്തിനൊരുങ്ങി യുഡിഎഫ്. ഇതിന്‍റെ  ഭാഗമായി ലൈറ്റ് ഓഫ് കേരള എന്ന പേരില്‍ ജൂണ്‍ 17ന് രാത്രി 9 മണിക്ക് 3 മിനിട്ട് നേരം വൈദ്യുതി വിളക്കുകള്‍ അണച്ച് പ്രതിഷേധിക്കും. ഇതോടൊപ്പം ഓണ്‍ലൈന്‍ ജാനകീയ ക്യാമ്പെയ്‌നും സംഘടിപ്പിക്കും. സര്‍ക്കാര്‍ നടപടി പിന്‍വലിക്കുന്നതുവരെ ക്യാമ്പെയ്ന്‍ തുടരുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

വൈദ്യുതി ചാര്‍ജ് വര്‍ധന  സർക്കാരിന്‍റേയും വൈദ്യുതി ബോർഡിന്‍റേയും  പകൽക്കൊള്ളയാണ്. ഫിക്സഡ് ചാർജ് ഒഴിവാക്കുമെന്നാണ് മുഖ്യമന്ത്രി പറഞ്ഞിരുന്നത്. എന്നാൽ വ്യവസായ സ്ഥാപനങ്ങളുടെ ഫിക്സഡ് ചാർജ് ഒഴിവാക്കിയില്ല. പത്രസമ്മേളനത്തിൽ മുഖ്യമന്ത്രി കള്ളങ്ങള്‍ പറയുന്നു. വൈദ്യുതി കൊള്ള  അവസാനിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്തെ കൊവിഡ് പ്രതിരോധത്തെക്കുറിച്ച് സര്‍ക്കാര്‍ മറന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രണ്ട് പേരുടെ മരണത്തിനിടയാക്കിയത് ജാഗ്രത കുറവ് മൂലമാണ്.  സർക്കാർ ന്യായീകരണം അംഗീകരിക്കാൻ കഴിയില്. രണ്ട് മരണത്തിലും സമഗ്രമായ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കൊവിഡിന്‍റെ മറവില്‍  231 പഞ്ചായത്ത് സെക്രട്ടറിമാരെ സർക്കാർ സ്ഥലം മാറ്റി. പാർട്ടി താത്പര്യത്തിനനുസരിച്ചാണ് സർക്കാരിന്‍റെ  നീക്കം. ഇതിലൂടെ തെരഞ്ഞെടുപ്പ് അട്ടിമറിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്.  സര്‍ക്കാര്‍ നീക്കത്തിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകുമെന്നും അദ്ദേഹം പറഞ്ഞു. അതിരപ്പിള്ളി പദ്ധതി നടപ്പാക്കാൻ യുഡിഎഫ് അനുവദിക്കില്ല. സർക്കാരിന്‍റെ നീക്കം അപകടകരമാണ്. മന്ത്രിസഭ അറിയേണ്ടെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന അംഗീകരിക്കാൻ കഴിയില്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

 

Comments (0)
Add Comment