സംസ്ഥാനത്ത് സമ്പൂര്‍ണ ലോക്ഡൗണ്‍ വേണ്ടെന്ന് യു.ഡി.എഫ്

Jaihind News Bureau
Friday, July 24, 2020

 

തിരുവനന്തപുരം:  കേരളത്തില്‍ ഇനിയും സമ്പൂര്‍ണ ലോക് ഡൗണ്‍ പ്രഖ്യാപിക്കരുതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സര്‍വ്വകക്ഷി യോഗത്തില്‍ ആവശ്യപ്പെട്ടു.  കെപിസിസിയെ പ്രതിനിധീകരിച്ച്    ജനറല്‍ സെക്രട്ടറി തമ്പാനൂര്‍ രവിയും വീഡിയോ കോണ്‍ഫറന്‍സ് വഴിയുള്ള  സര്‍വ്വ കക്ഷി യോഗത്തില്‍ പങ്കെടുത്തു.

ആവശ്യമായ സ്ഥലങ്ങളില്‍ മാത്രം ട്രിപ്പിള്‍ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തുന്നത് കൊണ്ട് കുഴപ്പമില്ല. എന്നാല്‍ അവിടെ ജനങ്ങള്‍ക്ക്  അവശ്യ സാധനങ്ങളും ആഹാരവും എത്തിക്കണം. രോഗവ്യാപനത്തിന്‍റെ തോത് ചൂണ്ടിക്കാട്ടി സംസ്ഥാനത്ത് വീണ്ടും സമ്പൂര്‍ണ ലോക് ഡൗണ്‍ പ്രഖ്യാപിക്കുമെന്ന മുന്നറിയിപ്പ് നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ ജനങ്ങളുടെ സാമ്പത്തിക സ്ഥിതിയും ജീവിത സാഹചര്യങ്ങളും കൂടി പരിഗണിച്ച് സമ്പൂര്‍ണ ലോക് ഡൗണ്‍ ആവശ്യമില്ല എന്നാണ് ഐ.എം.എ അടക്കമുള്ള വിദഗ്ദര്‍  അഭിപ്രായപ്പെടുന്നത്. രാജ്യത്താദ്യമായി മാര്‍ച്ച് 23ന് സമ്പൂര്‍ണ ലോക് ഡൗണ്‍ പ്രഖ്യാപിക്കുമ്പോള്‍ ഇവിടെ ആകെ രോഗികളുടെ എണ്ണം 91 മാത്രമായിരുന്നു. അതാണിപ്പോള്‍ കുതിച്ചുയര്‍ന്ന് 16610 ല്‍ എത്തിയത്.

തിരുവനന്തപുരം നഗരത്തില്‍ ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച ജൂലൈ അഞ്ചിന് 27 പേര്‍ക്കാണു കോവിഡ് സ്ഥിരീകരിച്ചത്. ട്രിപ്പിള്‍ ലോക് ഡൗണ്‍ ഇരുപതു ദിവസം പിന്നിടുമ്പോള്‍ രോഗികളുടെ എണ്ണം 222 ആയി കുതിച്ചുയര്‍ന്നു. 815 ശതമാനം വര്‍ധന. സമ്പൂര്‍ണ ലോക്ഡൗണ്‍ കൊണ്ടു മാത്രം രോഗം നിയന്ത്രിക്കാന്‍ കഴിയില്ല എന്നു ചുരുക്കം. രോഗവ്യാപനം കൂടുതലുണ്ടായ സ്ഥലങ്ങളിലാണു വീണ്ടും രോഗവ്യാപനം അതിരൂക്ഷമാകുന്നത്.  ഈ പ്രദേശങ്ങളെ കൂടുതല്‍ ഐസൊലേറ്റ് ചെയ്യുകയും മറ്റു സ്ഥലങ്ങളില്‍ ഇളവുകളോടെ നിയന്ത്രണങ്ങള്‍ കൊണ്ടു വരികയുമാണ് നല്ലത്.

ഏതു മേഖലിയിലായാലും ലോക്ക് ഡൗണ്‍ നടപ്പാക്കുന്നതിനു മുന്‍പ് ജനങ്ങളുടെ ദൈനംദിന ആവശ്യങ്ങള്‍ നിറവേറ്റപ്പെടുന്ന കാര്യം ഉറപ്പാക്കണം. ഭക്ഷണം, മരുന്ന്, പാല്‍, പഴം പച്ചക്കറി തുടങ്ങിയവ വാങ്ങാന്‍ കിട്ടുമെന്നും ഉറപ്പാക്കണം. തൊഴില്‍ നഷ്ടപ്പെട്ട് കഷ്ടപ്പെടുന്ന മത്സ്യത്തൊഴിലാളികളടങ്ങുന്ന തീരദേശവാസികള്‍ക്കായി പ്രത്യേക പാക്കേജ് തയ്യാറാക്കണം. അവര്‍ക്ക് സൗജന്യ റേഷന്‍ മാത്രമല്ല, സാമ്പത്തിക സഹായവും എത്തിക്കണം.

പഞ്ചായത്തു സമിതികള്‍ക്ക് ഡിസാസ്റ്റര്‍ മാനേജ്മെന്‍റുകള്‍ക്ക് നല്‍കാനായി ഗവണ്‍മെന്‍റ് അലോട്ട് ചെയ്ത പണം കളക്ടര്‍മാര്‍ വിതരണം ചെയ്യുന്നതില്‍  കാലതാമസമുണ്ടാകുന്നു. ഇപ്പോള്‍തന്നെ പ്ലാന്‍ ഫണ്ട് മാത്രം ആശ്രയിക്കുന്ന പഞ്ചായത്തുകള്‍ക്ക് പ്രത്യേക ധനസഹായം ഗവണ്‍മെന്‍റ് നല്‍കണം.