യുഡിഎഫ് എം.പിമാരുടെ ലക്ഷദ്വീപ് സന്ദർശനം ; അനുമതി തേടി അഡ്മിനിസ്ട്രേറ്റർക്ക് ഉൾപ്പെടെ എൻ.കെ പ്രേമചന്ദ്രൻ എം.പിയുടെ കത്ത്

Jaihind Webdesk
Saturday, May 29, 2021

യുഡിഎഫ് എം.പിമാരുടെ 5 അംഗ പ്രത്യേക പ്രതിനിധി സംഘം ലക്ഷദ്വീപ് സന്ദര്‍ശിക്കുന്നതിനുളള അനുമതിക്കായി, അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ പട്ടേല്‍, കേന്ദ്ര അഭ്യന്തര മന്ത്രി അമിത് ഷാ, ഷിപ്പിംഗ് മന്ത്രി മന്‍സുഖ് എല്‍. മണ്ഡാവിയ എന്നിവര്‍ക്ക് കത്ത് നല്‍കിയതായി എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി അറിയിച്ചു. മേയ് 31 ന് ലക്ഷദ്വീപിലേയ്ക്ക് പോകുന്നതിനുളള കപ്പല്‍ ടിക്കറ്റിനും യാത്രാനുമതിയ്ക്കുമാണ് അഡ്മിനിസ്ട്രേറ്റര്‍ക്കും ബന്ധപ്പെട്ട അധികാരികള്‍ക്കും കത്ത് നല്‍കിയത്.

എംപിമാരുടെ പ്രതിനിധിസംഘത്തിന് ലക്ഷദീപ് സന്ദര്‍ശിച്ച് നിലവിലുളള സാഹചര്യം നേരിട്ട് വിലയിരുത്തുന്നതിനുളള അനുമതി നല്‍കാനുളള നിര്‍ദ്ദേശം അഡ്മിനിസ്ട്രേറ്റര്‍ക്ക് നല്‍കണമെന്നവശ്യപ്പെട്ടാണ് കേന്ദ്ര ആഭ്യന്തര വകുപ്പ് മന്ത്രിയ്ക്ക് കത്തു നല്‍കിയത്. പ്രതിനിധി സംഘത്തില്‍ എം.പി മാരായ ബെന്നി ബെഹ്ന്നാന്‍, എം.കെ രാഘവന്‍, ഹൈബി ഈഡന്‍, ഇ.ടി. മുഹമ്മദ് ബഷീര്‍, എന്‍.കെ. പ്രേമചന്ദ്രന്‍ എന്നിവരെയാണ് ഉള്‍പ്പെടുത്തിയിട്ടുളളത്.

ലക്ഷദ്വീപ് സന്ദര്‍ശിക്കുന്നതിനുളള പാര്‍ലമെന്‍ററി പ്രതിനിധി സംഘത്തിന്‍റെ ന്യായയുക്തമായ ആവശ്യം ഭരണാധികാരികള്‍ അംഗീകരിക്കണമെന്ന് യുഡിഎഫ് സംഘത്തിന്‍റെ ഏകോപന ചുമതലയുളള എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി അധികൃതരോട് ആവശ്യപ്പെട്ടു.