യു.ഡി.എഫ് ഏകോപനസമിതി യോഗം ഇന്ന്; ഉപതെരഞ്ഞെടുപ്പ്, പരീക്ഷാക്രമക്കേട് വിഷയങ്ങള്‍ ചർച്ച ചെയ്യും

ആറ് നിയമസഭാ മണ്ഡലങ്ങളിൽ നടക്കാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പ് ഒരുക്കങ്ങളും പി.എസ്.സി പരീക്ഷാ ക്രമക്കേട് സംബന്ധിച്ച തുടർസമരങ്ങളും ചർച്ച ചെയ്യാൻ യു.ഡി.എഫ് ഏകോപന സമിതി യോഗം ഇന്ന് രാവിലെ പത്തിന് കന്‍റോൺമെന്‍റ് ഹൗസിൽ ചേരും. യു.ഡി.എഫ് കക്ഷി നേതാക്കൾ പങ്കെടുക്കുന്ന യോഗത്തിൽ സംസ്ഥാനത്തെ നിലവിലെ രാഷ്ട്രീയ സാഹചര്യവും വിലയിരുത്തും.

ലോക്സഭാ തെരെഞ്ഞെടുപ്പിൽ സംസ്ഥാനത്തുണ്ടായ വമ്പൻ വിജയത്തിന് ശേഷം നടക്കാനിരിക്കുന്ന ആറ് നിയമസഭാ മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പ് ഒരുക്കങ്ങളെ പറ്റിയും ഇടതുമുന്നണി സർക്കാരിന്‍റെ വഴിവിട്ട നയങ്ങൾക്കെതിരായ സമരങ്ങൾ ഊർജിതമാക്കുന്നതിനെപ്പറ്റിയുമാവും പ്രധാനമായും യു.ഡി.എഫ് ഏകോപന സമിതി യോഗത്തിൽ ചർച്ച നടക്കുക. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പ‌ിൽ നാല‌ു സിറ്റിംഗ് എം.എൽ.എമാർ വിജയിച്ച എറണാകുളം, അരൂർ, കോന്നി, വട്ടിയൂർക്കാവ‌് മണ്ഡലങ്ങളിലും മഞ്ചേശ്വരത്ത‌് മുസ്ലിം ലീഗിലെ പി.ബി അബ‌്ദുൾ റസാഖും പാലായിൽ കേരള കോൺഗ്രസ‌് എമ്മിലെ കെ.എം മാണിയും മരണമടഞ്ഞതിനാൽ ഇവിടങ്ങളിലും ഉപതെരഞ്ഞെടുപ്പ‌് വേണ്ടി വരും. ഈ ആറിടങ്ങളിൽ അരൂർ ഒഴികെ മറ്റ് അഞ്ചിടങ്ങളും യു.ഡി.എഫിന്‍റെ സിറ്റിംഗ് സീറ്റുകളാണ്.

തെരെഞ്ഞെടുപ്പ് പ്രചാരണ തന്ത്രങ്ങളും നിലവിൽ യു.ഡി.എഫിന്‍റെ വിജയ സാധ്യതയും യോഗത്തിൽ വിശദമായി പരിശോധിക്കും. ഇതിനുപുറമേ യൂണിവേഴ്സിറ്റി കോളേജിൽ എസ്.എഫ്.ഐ പ്രവർത്തകർ തമ്മിലുണ്ടായ കുത്തുകേസിലെ പ്രധാന പ്രതികൾ ഉൾപ്പെട്ട പി.എസ്.സി പരീക്ഷാ ക്രമക്കേട് പുറത്തുകൊണ്ടുവരാൻ സർക്കാർ കാട്ടുന്ന അലംഭാവത്തിനെതിരായ സമരപരമ്പര ഊർജിതമാക്കാനുള്ള നിർദ്ദേശങ്ങളും യോഗത്തിൽ ഉയർന്നേക്കും. നെടുങ്കണ്ടം കസ്റ്റഡി മരണമടക്കം സർക്കാരിന്‍റെ വഴിവിട്ട നയസമീപനങ്ങൾക്കെതിരെയുള്ള സമര പരമ്പര സംഘടിപ്പിക്കാനുള്ള ആലോചനയും യോഗത്തിൽ നടക്കും. നിലവിൽ നിലനിൽക്കുന്ന സി.പി.എം-സി.പി.ഐ പോരും ഇടതുമുന്നണിയിലെ രാഷ്ട്രീയ സാഹചര്യവും പൊതുവിൽ യോഗം വിലയിരുത്തും.

യു.ഡി.എഫ് കൺവീനർ ബെന്നി ബെഹനാൻ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കോൺഗ്രസ് പ്രവർത്തക സമിതിയംഗം ഉമ്മൻ ചാണ്ടി, കെ.പി.സി.സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ എന്നിവർക്ക് പുറമേ എല്ലാ ഘടകകക്ഷി നേതാക്കളും യോഗത്തിൽ പങ്കെടുക്കും.

https://www.youtube.com/watch?v=rkQm0pj055Q

udf meeting
Comments (0)
Add Comment