ഇടുക്കി തിരിച്ചുപിടിച്ച ആത്മവിശ്വാസത്തില്‍ യു.ഡി.എഫ്; നേതൃയോഗം തൊടുപുഴയിൽ നടന്നു

Jaihind Webdesk
Monday, May 27, 2019

യു.ഡി.എഫിന്‍റെ ഉരുക്കുകോട്ടയായ ഇടുക്കി പാർലമെന്‍റ് മണ്ഡലം ചരിത്രവിജയത്തിലൂടെ തിരിച്ചുപിടിച്ചതിന്‍റെ ആത്മവിശ്വാസത്തിൽ നഷ്ടപ്പെട്ട നിയമസഭാ മണ്ഡലങ്ങളും തിരിച്ചുപിടിക്കുമെന്ന ദൃഢനിശ്ചയത്തിലാണ് യു.ഡി.എഫ് ജില്ലാ നേതൃത്വം. യു.ഡി.എഫ് ഇടുക്കി പാർലമെന്‍റ് മണ്ഡലം നേതൃയോഗം തൊടുപുഴയിൽ നടന്നു.

1,71,053 വോട്ടിന്‍റെ ഭൂരിപക്ഷത്തിൽ ഇടുക്കി പാർലമെന്‍റ് മണ്ഡലത്തിൽ നിന്നും വിജയിച്ച ഡീൻ കുര്യാക്കോസിന്‍റെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മറ്റി യോഗം തൊടുപുഴയിൽ ചേർന്നു. 2014 ലെ തെരെഞ്ഞടുപ്പിൽ നിന്നും വ്യത്യസ്തമായി ഇടുക്കിയിലെ ഏഴ് നിയമസഭാ മണ്ഡലങ്ങളിലും ഉജ്വല വിജയം നേടുവാൻ യു.ഡി.എഫിന് കഴിഞ്ഞത് യോഗം വിലയിരുത്തി. ഡീൻ കുര്യാക്കോസിന്‍റെ വിജയത്തിൽ കേക്ക് മുറിച്ച് നേതാക്കൾ ആഹ്ലാദം പങ്കിട്ടു. അടുത്ത ലക്ഷ്യം  നഷ്ടപ്പെട്ട അഞ്ച് നിയമസഭാ മണ്ഡലങ്ങൾ തിരിച്ചുപിടിക്കുകയാണെന്ന് ഡി.സി.സി പ്രസിഡന്‍റ് ഇബ്രാഹിം കുട്ടി കല്ലാർ പറഞ്ഞു.

പഞ്ചായത്തുകളിൽ 70 ലും യു.ഡി.എഫ് ലീഡ് നേടി. നാല് മുനിസിപ്പാലിറ്റികളിലും ഡീൻ കുര്യാക്കോസ് വലിയ ലീഡ് നേടി. ഇടക്കാലത്ത് നഷ്ടപ്പെട്ട ഇടുക്കിയിലെ യു.ഡി.എഫ് ആധിപത്യം ഇനിയും തിരിച്ചുപിടിക്കുവാനുള്ള ലക്ഷ്യത്തിലാണ് യു.ഡി.എഫ് നേതൃത്വം. ജോണി നെല്ലൂർ, ജോസഫ് വാഴയ്ക്കൻ, എസ് അശോകൻ, അലക്സ് കോഴിമല , എം.ജെ ജേക്കബ് എം.എസ് മുഹമ്മദ് തുടങ്ങി നിരവധി നേതാക്കൾ പങ്കെടുത്തു.

teevandi enkile ennodu para