യുഡിഎഫ് പ്രകടനപത്രിക : നിർദ്ദേശസമാഹരണത്തിന് പൊതുസമൂഹത്തിൽ മികച്ച സ്വീകാര്യത

Jaihind News Bureau
Monday, January 18, 2021

 

കണ്ണൂർ : യുഡിഎഫ് പ്രകടനപത്രിക തയ്യാറാക്കുന്നതിന്‍റെ  ഭാഗമായുള്ള നിർദ്ദേശ സമാഹരണത്തിന് പൊതുസമൂഹത്തിൽ നിന്ന് മികച്ച സ്വീകാര്യത. കണ്ണൂരിൽ നടന്ന ഉപസമിതി സിറ്റിങ്ങിൽ  സമൂഹത്തിന്‍റെ വിവിധ മേഖലകളിലെ നിരവധി പ്രമുഖർ പങ്കെടുത്തു. യുഡിഎഫ് നേതാക്കളായ ബെന്നി ബെഹനാൻ എം പി, സി.പി ജോൺ, ജി.ദേവരാജൻ, സി.ടി അഹമ്മദ്ദലി, ഡിസിസി പ്രസിഡന്‍റ് സതീശൻ പാച്ചേനി, ഹക്കിം കുന്നേൽ എന്നിവരുടെ നേതൃത്വത്തിലാണ്  പ്രകടനപത്രിക തയ്യാറാക്കാനുള്ള ഉപസമിതി കണ്ണൂരിൽ യോഗം ചേർന്നത്. കണ്ണൂർ, കാസർകോട് ജില്ലകളിലെ വിവിധ മേഖലകളിലുള്ളവർ യോഗത്തില്‍ പങ്കെടുത്തു.

വിദ്യാഭ്യാസ, കാർഷിക മേഖലയിലെ വിദഗ്ധർ, വ്യവസായ പ്രമുഖർ, ചേംബർ ഓഫ് കൊമേഴ്സ് പ്രതിനിധികള്‍, വ്യാപാരികള്‍, വിവിധ തൊഴിൽ മേഖലയിലെ പ്രതിനിധികള്‍, കായികമേഖലയിലെ പ്രമുഖർ, ആരോഗ്യ വിദഗ്ധർ പൊതുജനങ്ങള്‍ എന്നിവർ നിർദ്ദേശങ്ങള്‍ മുന്നോട്ടുവെച്ചു. കേരള ജനത അഭിമുഖീകരിക്കുന്ന വിവിധ പ്രശ്നങ്ങളും, കാർഷിക, വ്യവസായ മേഖലയിലെ പ്രശ്നങ്ങളും പരിഹാരമാർഗങ്ങളും യോഗത്തില്‍ ചർച്ചയായി.  കോർപ്പറേഷൻ ചെയർമാൻ ടി.ഒ മോഹനൻ, ജില്ലയിലെ  കെപിസിസി, യുഡിഎഫ് നേതാക്കള്‍  എന്നിവർ യോഗത്തിന്‍റെ ഭാഗമായി.