കടല്‍ കരാറിലെ അഴിമതി തുറന്നുകാട്ടാന്‍ തീരദേശ പ്രചരണ ജാഥയുമായി യുഡിഎഫ്

Jaihind News Bureau
Tuesday, February 23, 2021

 

തിരുവനന്തപുരം : കേരളത്തിന്‍റെ മത്സ്യസമ്പത്ത് വിദേശ കുത്തകകള്‍ക്ക് തീറെഴുതുന്ന ആഴക്കടൽ മത്സ്യബന്ധന കരാറിനെതിരെ തീരദേശ പ്രചാരണജാഥ നടത്താനൊരുങ്ങി യു.ഡി.എഫ്. വിഷയം ജനങ്ങളിലെത്തിക്കുക എന്ന ലക്ഷ്യത്തോടെ രണ്ട് പ്രചാരണ ജാഥകളാണ് യു.ഡി.എഫ് സംഘടിപ്പിക്കുന്നത്. മാർച്ച് ഒന്ന് മുതല്‍ അഞ്ച് വരെയാണ് ജാഥകള്‍.

വിഴിഞ്ഞത്ത് നിന്ന് വടക്കോട്ടും കാസര്‍ഗോഡ് നിന്ന് തെക്കോട്ടുമാണ് പ്രചാരണ ജാഥകൾ. മാര്‍ച്ച് ഒന്നിന് ആരംഭിക്കുന്ന തെക്കൻ മേഖലാ പ്രചാരണ ജാഥ ഷിബു ബേബി ജോണും വടക്കൻ മേഖലാ പ്രചാരണ ജാഥ ടി.എൻ പ്രതാപൻ എം.പിയും നയിക്കും. രണ്ട് ജാഥകളും എറണാകുളത്ത് വെച്ച് മാര്‍ച്ച് അഞ്ചിന് സമാപിക്കും. കേരളത്തിലെ മത്സ്യബന്ധന ഗ്രാമങ്ങളിലൂടെയെല്ലാം പ്രചാരണ ജാഥ കടന്നു പോവുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കെ.പി.സി.സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനും അറിയിച്ചു.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് ഇ.എം.സി.സിയി സർക്കാർ ഏർപ്പെട്ട ആഴക്കടല്‍ കരാറിലെ ദുരൂഹതകള്‍ തെളിവുകള്‍ സഹിതം പുറത്തുകൊണ്ടുവന്നത്. പ്രതിപക്ഷ നേതാവ് ഉയർത്തിയ ചോദ്യങ്ങള്‍ക്ക് മുന്നില്‍ ഉത്തരംമുട്ടിയ സർക്കാരിന് ഒടുവില്‍ ധാരണാപത്രം റദ്ദ് ചെയ്യേണ്ടിവന്നു. എന്നാല്‍ ഇതുവരെയും കരാർ പൂർണമായി സർക്കാർ റദ്ദാക്കിയിട്ടില്ല. കടലിന്‍റെ മക്കളുടെ അന്നം മുട്ടിക്കുന്ന സർക്കാർ നടപടിക്കെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. സർക്കാരിനെതിരെ പ്രതിഷേധവുമായി കെസിബിസിയും രംഗത്തെത്തി. കരാർ പിന്‍വലിക്കാന്‍ സർക്കാർ തയാറാകണമെന്നാണ് ഉയരുന്ന ആവശ്യം.