ശിവന്‍കുട്ടിയുടെ രാജിക്കായി പ്രതിഷേധം കടുപ്പിച്ച് യുഡിഎഫ്; ഇന്ന് സംസ്ഥാന വ്യാപക സമരം

Jaihind Webdesk
Wednesday, August 4, 2021

 

തിരുവനന്തപുരം : നിയമസഭ കയ്യാങ്കളിക്കേസില്‍ വിചാരണ നേരിടുന്ന വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിക്കെതിരെ സമരം കടുപ്പിച്ച് പ്രതിപക്ഷം. ശിവൻകുട്ടിയുടെ രാജി ആവശ്യപ്പെട്ട് 140 നിയോജക മണ്ഡലങ്ങളിലെയും സർക്കാർ സ്ഥാപനങ്ങൾക്ക് മുന്നിൽ യു ഡി എഫ് ധർണ്ണ. സഭയ്ക്കുള്ളിൽ ശിവൻകുട്ടിക്കെതിരെ വ്യാപക പ്രതിഷേധം പ്രതിപക്ഷം ഉയർത്തുന്നതിനിടെ, സഭയ്ക്ക് പുറത്തും സംസ്ഥാന വ്യാപക പ്രതിഷേധം തുടരാനാണ് യുഡിഎഫിന്‍റെ തീരുമാനം.

നിയമസഭ കയ്യാങ്കളിക്കേസില്‍ വിചാരണ നേരിടുന്ന വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി രാജിവെക്കണമെന്ന് ആവശ്യപ്പെട്ടാണ് ഇന്ന് യുഡിഎഫ് നിയോജക മണ്ഡലം തലത്തില്‍ സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് മുന്നില്‍ പ്രതിഷേധ ധർണ്ണ സംഘടിപ്പിക്കുന്നത് . രാവിലെ 10 മണിക്കാണ് യുഡിഎഫിന്‍റെ പ്രതിഷേധ ധർണ്ണ.

തിരുവനന്തപുരം സെൻട്രൽ നിയോജക മണ്ഡലത്തിന്‍റെ ആഭിമുഖ്യത്തിലുള്ള പ്രതിഷേധ ധർണ്ണ സെക്രട്ടേറിയറ്റിന് മുന്നിൽ പ്രതിപക്ഷനേതാവ് വി.ഡി സതീശൻ ഉദ്ഘാടനം ചെയ്യും. കെപിസിസി പ്രസിഡന്‍റ് കെ സുധാകരൻ എം.പി നേമത്തും കോൺഗ്രസ് പ്രവർത്തക സമിതി അംഗം ഉമ്മൻചാണ്ടി കഴക്കൂട്ടത്തും മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വട്ടിയൂർക്കാവിലും യുഡിഎഫ് കൺവീനർ എം.എം ഹസൻ വിഴിഞ്ഞത്തും പ്രതിഷേധ ധർണ്ണ ഉദ്ഘാടനം ചെയ്യും. യുഡിഎഫ് നേതാക്കളായ പി.കെ കുഞ്ഞാലിക്കുട്ടി, എ,എ അസീസ്, പി.ജെ ജോസഫ്, സി.പി ജോൺ, ദേവരാജൻ, അനൂപ് ജേക്കബ്, മാണി സി കാപ്പൻ തുടങ്ങിയവർ വിവിധ ജില്ലകളിലെ പ്രതിഷേധ ധർണ്ണയിൽ പങ്കെടുക്കും.