കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾകൂടി മരിച്ചു; വയനാട്ടില്‍ നാളെ യുഡിഎഫ് ഹര്‍ത്താല്‍

വയനാട്: വയനാട്ടിൽ നാളെ ഹർത്താൽ പ്രഖ്യാപിച്ച് യു.ഡി.എഫ്. കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾകൂടി മരിച്ചതിനു പിന്നാലെയാണ് യു.ഡി.എഫ് ഹർത്താല്‍ പ്രഖ്യാപിച്ചത്.  കുറുവാദ്വീപിലെ വാച്ചറായ പോൾ വി.പിയാണ് കാട്ടാനയുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റു ചികിത്സയിലിരിക്കെ മരിച്ചത്.

രാവിലെ 9.30ഓടെയായിരുന്നു പോള്‍ കാട്ടാനയെ കണ്ടത്. തുടർന്ന് ആനയെ കാട്ടിലേയ്ക്ക് തുരത്താനുള്ള ശ്രമത്തിനിടെയാണ് കാട്ടാനയുടെ ആക്രമണം ഉണ്ടായത്. താഴെ വീണ പോളിനെ കാട്ടാന ചവിട്ടുകയായിരുന്നു. പിന്നീട് തൊഴിലുറപ്പ് തൊഴിലാളികള്‍ ഒച്ചയിട്ടതിനെ തുടര്‍ന്ന് കാട്ടാന പോളിനെ ആക്രമിക്കുന്നതില്‍ നിന്നും പിന്‍തിരിയുകയായിരുന്നു.  തുടര്‍ന്ന് പരിക്കേറ്റ പോളിനെ വയനാട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചു. കാട്ടാനയുടെ ആക്രമണത്തില്‍ പോളിന് വാരിയെല്ലിന് പൊട്ടലേറ്റിരുന്നു. പോളിന് ആന്തരിക രക്തസ്രാവവും ഉണ്ടായതാണ് ആരോഗ്യനില ഗുരുതരമാക്കിയത്. പോളിനെ അടിയന്തിര ശസ്ത്രക്രിയയ്ക്ക് വിധേയമാക്കാനുള്ള എല്ലാ സജ്ജീകരണങ്ങളും മെഡിക്കല്‍ കോളേജില്‍ ഒരുക്കിയിരുന്നു. എന്നാല്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ക്യാഷ്വാലിറ്റിയില്‍ പ്രവേശിപ്പിക്കപ്പെട്ട പോളിന്റെ മരണം ഡോക്ടര്‍മാര്‍ സ്ഥിരീകരിക്കുകയായിരുന്നു.

Comments (0)
Add Comment