‘നാട് നന്നാകാന്‍ യുഡിഎഫ്’ ; പ്രചാരണവാക്യം പുറത്തിറക്കി മുന്നണി ; ‘സംശുദ്ധം സദ്ഭരണം’ ലക്ഷ്യം

Jaihind News Bureau
Wednesday, March 3, 2021

 

തിരുവനന്തപുരം:  നിയമസഭാ തെരഞ്ഞെടുപ്പിനായുള്ള പ്രചാരണവാക്യം പുറത്തിറക്കി യുഡിഎഫ്. ‘നാട് നന്നാകാന്‍ യുഡിഎഫ്’ എന്നാണ് പ്രചാരണവാക്യം. പ്രഖ്യാപിക്കുന്ന പുതിയ പദ്ധതികളോടൊപ്പം ‘വാക്ക് നല്‍കുന്നു യുഡിഎഫ്’ എന്ന വാചകവും ഉണ്ടാകും. ‘സംശുദ്ധം സദ്ഭരണം’ എന്നതാണ് ലക്ഷ്യം. ഐശ്വര്യകേരളത്തിനായി വോട്ട് ചെയ്യാം എന്നതാണ് അഭ്യര്‍ത്ഥന.

നാട് നന്നാകാനും ഐശ്വര്യസമ്പൂര്‍ണമായ കേരളം കെട്ടിപ്പടുക്കാന്‍ യുഡിഎഫിനെ അധികാരത്തിലെത്തിക്കുക എന്നതാണ് തെരഞ്ഞെടുപ്പിലെ പ്രചരാണവാചകമെന്നും യുഡിഎഫ് ചെയര്‍മാന്‍ കൂടിയായ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.  ‘ഐശ്വര്യകേരളം ലോകോത്തര കേരളം’ എന്ന പേരില്‍ പ്രകടനപത്രിക ഉടന്‍ പുറത്തിറക്കുമെന്നും അദ്ദേഹം അറിയിച്ചു.

കഴിഞ്ഞ അഞ്ച് വര്‍ഷക്കാലം പിണറായി സര്‍ക്കാര്‍ നടത്തിയ അഴിമതികള്‍,  സ്വജനപക്ഷപാതം,  അനധികൃത നിയമനങ്ങള്‍,  സര്‍ക്കാരിന്റെ കെടുകാര്യസ്ഥത, മുഖ്യമന്ത്രിയുടെ ഓഫീസിനെ ചുറ്റിപ്പറ്റി ഉയര്‍ന്ന കള്ളക്കടത്ത് ഉള്‍പ്പെടെയുള്ള ആരോപണങ്ങള്‍, ഇവയെല്ലം  ജനങ്ങള്‍ക്ക് മുന്നില്‍ യു ഡിഎഫ് പ്രചരണ വിഷയമാക്കും.

അവസാനത്തെ  ആറ് മാസക്കാലം പിആര്‍ഡിയെ ഉപയോഗിച്ച്  സര്‍ക്കാര്‍ നടത്തിയ    തെറ്റായ പ്രചരണങ്ങളെ  ജനങ്ങള്‍ക്ക് മുന്നില്‍ തുറന്നുകാട്ടുക എന്നതും  യുഡിഎഫ് ലക്ഷ്യം വയ്കുന്നു.   കേരളത്തില്‍ ഏറ്റവും കൂടുതല്‍ വീട് വച്ച് കൊടുത്തത് തങ്ങളാണെന്ന കളവ്   ഈ ദിവസങ്ങളിലെല്ലാം സർക്കാർ പ്രചരിപ്പിക്കുകയായിരുന്നു.  എല്‍ഡിഎഫ് കഷ്ടിച്ച് രണ്ടര ലക്ഷം വീടുകള്‍ വച്ച് കൊടുത്തു എന്ന് അവകാശപ്പെടുമ്പോള്‍   യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത്  നാല് ലക്ഷത്തിലേറെ പേര്‍ക്കാണ് വീടുകള്‍ നല്‍കിയത്.   ഈ സത്യം മറച്ച് വച്ചുകൊണ്ടാണ് സര്‍ക്കാര്‍ ഇത്തരത്തില്‍ പ്രചരണം നടത്തുന്നതെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി.

ചടങ്ങിൽ മുന്‍ മുഖ്യമന്ത്രി ഉമ്മൻചാണ്ടി, കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ, എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാൽ എം.പി, യുഡിഎഫ് കണ്‍വീനർ എം.എം.ഹസൻ തുടങ്ങിവരും ഘടകകക്ഷി നേതാക്കളും പങ്കെടുത്തു.