ജനം തിരിച്ചടി നല്‍കും : കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹ നയങ്ങള്‍ക്കെതിരെ യു.ഡി.എഫ് ധർണ്ണ

 

തിരുവനന്തപുരം : നിയമസഭാ തെരഞ്ഞെടുപ്പിൽ ജനം എൽ.ഡി.എഫിന് തിരിച്ചടി നൽകുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കർഷകദ്രോഹ നിയമങ്ങൾ പിൻവലിക്കുന്നതുവരെ സമരം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ജനദ്രോഹ നയങ്ങളില്‍ പ്രതിഷേധിച്ച് യു.ഡി.എഫ് സംഘടിപ്പിച്ച ധര്‍ണ്ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ദോശ ചുടുന്ന വേഗതയിൽ തയാറാക്കിയ കാർഷിക ഭേദഗതി ബില്ലിലെ നിയമങ്ങൾ കർഷകരെ ദ്രോഹിക്കുന്നതാണ്. ഏകാധിപതിയായ നരേന്ദ്ര മോദി കോർപറേറ്റുകൾക്ക് വേണ്ടി രാജ്യത്തെ തീറെഴുതുകയാണ്. കാർഷിക ദേഗതി ബില്ലിലെ നിയമങ്ങൾ പിൻവലിക്കുന്നതുവരെ സമരം തുടരുമെന്ന് യുഡിഎഫ് ധർണ്ണയുടെ സംസ്ഥാന തല ഉദ്ഘാടനം നിർവഹിക്കവെ പ്രതിപക്ഷ നേതാവ് വ്യക്തമാക്കി. സംസ്ഥാനത്ത് പഞ്ചായത്ത് തെരഞ്ഞടുപ്പിൽ രാഷ്ട്രീയം ചർച്ച ചെയ്യപ്പെട്ടില്ല. സ്വർണ്ണക്കള്ളക്കടത്തിലും അഴിമതിയിലും മുങ്ങി നിൽക്കുന്ന സർക്കാരിന് നിയമസഭാ തെരഞ്ഞെടുപ്പിൽ ജനം തിരിച്ചടി നൽകും. ധാർഷ്ട്യത്തിന്‍റെയും ഏകാധിപത്യത്തിന്‍റെയും അഹങ്കാരത്തിന്‍റെയും ഭരണം മാറണം. ഈ ഭരണം ഇനി തുടരണമോ എന്ന് ജനങ്ങൾ തീരുമാനിക്കട്ടെ അദ്ദേഹം പറഞ്ഞു.

സ്വര്‍ണ്ണക്കടത്തിനും ഡോളര്‍ കള്ളക്കടത്തിനും സഹായം നല്‍കിയ മുഖ്യമന്ത്രിയും സ്പീക്കറും രാജിവെക്കുക, രൂക്ഷമായ വിലക്കയറ്റത്തിന് പരിഹാരമുണ്ടാക്കുക, കേന്ദ്രഗവണ്‍മെന്‍റ് പാസാക്കിയ കര്‍ഷക കരി നിയമങ്ങള്‍ പിന്‍വലിക്കുക, പെട്രോള്‍, ഡീസല്‍, പാചകവാതക വിലവര്‍ധനവ് പിന്‍വലിക്കുക, സംസ്ഥാന സര്‍ക്കാരില്‍ നടന്ന അനധികൃത, കരാര്‍, താത്കാലിക നിയമനങ്ങള്‍ റദ്ദാക്കുക, പി.എസ്.സി റാങ്ക് ലിസ്റ്റില്‍ നിന്ന് നിയമനങ്ങള്‍ നടത്തുക, വാളയാര്‍ കേസ് അട്ടിമറിച്ച ഉദ്യോഗസ്ഥരുടെ മേല്‍ നടപടി സ്വീകരിക്കുക, മത്സ്യത്തൊഴിലാളി ലേല ഓര്‍ഡിനന്‍സ് പിന്‍വലിക്കുക, കര്‍ഷകരുടെ 2 ലക്ഷം രൂപവരെയുള്ള കടങ്ങള്‍ എഴുതിതള്ളുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടാണ് ഇന്ന് നിയോജക മണ്ഡലാടിസ്ഥാനത്തില്‍ സർക്കാർ ഓഫീസുകൾക്ക് മുന്നിൽ യു.ഡി.എഫ്. ധര്‍ണ്ണ നടത്തിയത്.

വട്ടിയൂര്‍ക്കാവ് നിയോജക മണ്ഡലത്തില്‍ നന്തൻകോട് ജംഗ്ഷനിലാണ് ധർണ്ണ സംഘടിപ്പിച്ചത്. സി.എം.പി ജനറൽ സെക്രട്ടറി സി.പി ജോൺ, മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി ബീമാപ്പള്ളി റഷീദ്, ഡി.സി.സി അധ്യക്ഷൻ നെയ്യാറ്റിൻകര സനൽ തുടങ്ങി പ്രമുഖ നേതാക്കൾ സമരത്തിൽ പങ്കെടുത്തു.

https://www.facebook.com/JaihindNewsChannel/videos/749581322607750

Comments (0)
Add Comment