കുന്നത്തുനാട്ടിലെ അനധികൃത നെല്‍വയല്‍ നികത്തല്‍ ഉത്തരവ് റദ്ദാക്കണമെന്ന് യുഡിഎഫ്

Jaihind Webdesk
Tuesday, May 14, 2019

Ramesh-Chennithala

കുന്നത്തുനാട്ടിൽ നിയമം ലംഘിച്ച് 5 ഏക്കർ നെൽവയൽ നികത്താൻ അനുമതി നൽകിക്കൊണ്ടുള്ള ഉത്തരവ് റദ്ദാക്കണമെന്ന് യുഡിഎഫ് നേതൃയോഗം. വിവാദ വ്യവസായിക്കായി നടത്തിയ കുംഭകോണമെന്നാണ് ആരോപണമെന്നും ആരാണ് ഈ വിവാദവ്യവസായി എന്നറിയണമെന്നും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

റവന്യുമന്ത്രി അറിയാതെ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടാണ് ഉത്തരവിറങ്ങിയതെന്ന് പറയുന്നു. നാട്ടിൽ ഏത് ഭൂമിയും ആർക്കും നികത്താവുന്ന അവസ്ഥയാണിപ്പോഴെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് എന്തുകൊണ്ട് ഇത്തരം കാര്യങ്ങളിൽ ഇടപെടുന്നുവെന്നറിയാൻ ജനത്തിന് താത്പര്യമുണ്ടെന്നും കശുവണ്ടി ഇടപാടിലും ഗുരുതരമായ ക്രമക്കേടും അഴിമതിയുമാണ്. ഇക്കാര്യത്തിലും സർക്കാർ നിലപാട് വ്യക്തമാക്കണം രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

പ്രളയാനന്തരം ദുരിതാശ്വാസനിധിയിലേക്ക് പിരിഞ്ഞുകിട്ടിയ തുക ചെലവഴിക്കാതെ പ്രളയ സെസ്സിന്‍റെ പേരിൽ ജനങ്ങളുടെ മേൽ വീണ്ടും ഭാരം അടിച്ചേല്പിക്കാൻ പോകുന്നത് അംഗീകരിക്കാനാവില്ല. ഇപ്പോൾ തന്നെ കടക്കെണിയിലായിരിക്കുന്ന സംസ്ഥാനത്തിന് ഇനിയും വൻ സാമ്പത്തികഭാരം അടിച്ചേൽപിക്കുന്നതാണ് മസാലബോണ്ട്. ലാവലിൻ കമ്പനിക്ക് വേണ്ടി മണിയടിക്കാനാണ് മുഖ്യമന്ത്രി ലണ്ടനിലേക്ക് പോയതെന്നും ചെന്നിത്തല വിമർശിച്ചു. കെ.എം. മാണിയുടെ നിര്യാണശേഷം ചേരുന്ന ആദ്യത്തെ യുഡിഎഫ് യോഗം അദ്ദേഹത്തിന് ആദരാഞ്ജലി അർപ്പിച്ചു. യുഡിഎഫ് കൺവീനർ ബെന്നി ബെഹനാനും മറ്റ് ഘടകകക്ഷി നേതാക്കളും യോഗത്തിൽ പങ്കെടുത്തു.