എ.കെ.ആന്റണിക്കെതിരായ സൈബര്‍ ആക്രമണം: കെ.പി.സി.സി നേതൃത്വം അന്വേഷിക്കണമെന്ന് യു.ഡി.എഫ് കണ്‍വീനര്‍ ബെന്നി ബെഹനാന്‍

Jaihind Webdesk
Monday, June 10, 2019

എ.കെ.ആന്റണി കേരളത്തിലെ കോണ്‍ഗ്രസിന് നല്‍കിയ സംഭാവനകള്‍ മനസ്സിലാക്കാന്‍ പറ്റാത്തവരാണ് അദ്ദേഹത്തിനെതിരെ സോഷ്യല്‍ മീഡിയയിലൂടെ അപവാദ പ്രചരണം നടത്തുന്നതെന്ന് യു.ഡി.എഫ് കണ്‍വീനര്‍ ബെന്നി ബെഹനാന്‍ എം.പി. ആന്റണിക്കെതിരായ സൈബര്‍ ആക്രമണത്തെ കുറിച്ച് കെ.പി.സി.സി നേതൃത്വം അന്വേഷണം നടത്തണമെന്നും അദ്ദേഹം പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

കെ.എസ്.യു, യൂത്ത് കോണ്‍ഗ്രസ് പ്രസ്ഥാനങ്ങളെ കേരളത്തില്‍ വളര്‍ത്തിക്കൊണ്ടുവന്നതില്‍ നിര്‍ണ്ണായ പങ്കുവഹിച്ച നേതാവാണ് എ.കെ. ചരിത്രം മനസ്സിലാക്കാത്ത ആരെങ്കിലും അദ്ദേഹത്തെ അപമാനിക്കാന്‍ ശ്രമിച്ചാല്‍ അത് നടക്കില്ല. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മാത്രമല്ല, കേരളത്തിലെ ജനസമൂഹം ഒന്നാകെ ആദരവോടെ കാണുന്ന നേതാവാണ് അദ്ദേഹം.

നവമാധ്യമങ്ങള്‍ എ.കെ. ആന്റണിയെപ്പോലുള്ള ഒരാളെ അധിക്ഷേപിക്കുന്ന ഇടങ്ങളായി അധ:പതിക്കുന്നത് അപകടകരമാണ്. ഇത് അനുവദിക്കാന്‍ പാടില്ല. കോണ്‍ഗ്രസ് പാര്‍ട്ടി നേതൃത്വം ശക്തമായി ഇക്കാര്യത്തില്‍ അന്വേഷണം നടത്തുകയും ഉത്തരവാദികള്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കുകയും ചെയ്യണമെന്നും ബെന്നി ബെഹനാന്‍ ആവശ്യപ്പെട്ടു.