ഉമാ തോമസിനായി റോളർ സ്കേറ്റിംഗ് ചെയ്ത് കുട്ടിക്കൂട്ടം; ആവേശമായി യുഡിഎഫ് പ്രചാരണം

Jaihind Webdesk
Friday, May 27, 2022

 

ഉമാ തോമസിന്‍റെ ചിത്രം പതിച്ച ടീ ഷർട്ടുമിട്ട് നിയോജക മണ്ഡലത്തിന്‍റെ വിവിധ ഭാഗങ്ങളിലൂടെ റോളർ സ്കേറ്റിംഗ് ചെയ്ത് പോയ കുട്ടിക്കൂട്ടം ഇന്ന് തൃക്കാക്കര മണ്ഡലത്തിലെ കൗതുക കാഴ്ചയായിരുന്നു. അമ്മയ്ക്ക് വോട്ട് തേടി മകൻ വിവേക് തോമസിന്‍റെ നേതൃത്വത്തിലാണ് വ്യത്യസ്തമായ പ്രചാരണ ക്യാമ്പെയ്ൻ സംഘടിപ്പിക്കപ്പെട്ടത്. കാക്കനാട് എൻജിഒ ക്വാർട്ടേഴ്സിൽ നിന്ന് ഷാഫി പറമ്പിൽ എംഎൽഎയും ഉമാ തോമസും ചേർന്നാണ് പ്രചാരണം ഫ്ലാഗ് ഓഫ് ചെയ്തത്. ദേശീയ, സംസ്ഥാന തല സ്കേറ്റിംഗ് ചാമ്പ്യൻഷിപ്പുകളിൽ വിജയികളായിട്ടുള്ള കുട്ടികളാണ് പ്രചാരണത്തിൽ പങ്കാളിത്തം വഹിച്ചത്. എൻജിഒ ക്വാർട്ടേഴ്സിൽ നിന്നും ആരംഭിച്ച സ്കേറ്റിംഗ് പാലാരിവട്ടം, കടവന്ത്ര, പനമ്പള്ളി നഗർ എന്നിവിടങ്ങളിലും മണ്ഡലത്തിലെ വിവിധ ഭാഗങ്ങളിലും പര്യടനം നടത്തി.

 

 

ഉമാ തോമസിന്‍റെ ഇന്നത്തെ പര്യടനം ആരംഭിച്ചത് തൃക്കാക്കര മണ്ഡലത്തിൽ നിന്നാണ്. മണ്ഡലത്തിലെ ഭവനങ്ങൾ സന്ദർശിച്ച് ആളുകളെ നേരിൽ കണ്ട് വോട്ട് അഭ്യർത്ഥിക്കാനാണ് കൂടുതൽ സമയം കണ്ടെത്തിയത്. കമ്പിവേലിക്കകത്തെയും കരിമക്കേരിയിലെയും പാലച്ചുവടിലെയും വീടുകളും വ്യാപാരസ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് വോട്ടഭ്യർത്ഥന നടത്തി. പിന്നീട് പാലച്ചുവട് ജുമാ മസ്ജിദിൽ സന്ദർശനം നടത്തി. പള്ളി ഇമാമിനെ കണ്ടു. ഇലക്ഷൻ പ്രചരണത്തിലെ അവസാന വെളളിയാഴ്ച കരിമക്കാട് ജുമാ മസ്ജിദിൽ എത്തി പ്രാർത്ഥനയ്ക്കെത്തിയ വിശ്വാസികളോട് വോട്ടഭ്യർഥന നടത്തി. യു ഡി എഫ് കൺവീണർ എം.എം ഹസൻ, എംഎൽഎമാരായ ടി സിദ്ദിഖ്, അൻവർ സാദത്ത്, റോജി എം ജോൺ എന്നിവരും ഉണ്ടായിരുന്നു.

 

 

തൃക്കാക്കര സെൻട്രൽ മണ്ഡലത്തിലെ ഇന്നലത്തെ സ്ഥാനാർത്ഥി പര്യടനം ആരംഭിച്ചത് ചെമ്പുമുക്കിൽ നിന്നാണ്. കോൺഗ്രസ് പ്രവർത്തക സമിതി അംഗം ഉമ്മൻ ചാണ്ടി പര്യടനം ഉദ്ഘാടനം ചെയ്തു. തൃക്കാക്കരയിൽ ഉൾപ്പെടെ കൊച്ചിയിൽ വികസനങ്ങൾ നടപ്പിലാക്കിയത് യുഡിഎഫ് ആയിരുന്നുവെന്ന് ഉമ്മൻ ചാണ്ടി പറഞ്ഞു. വിഴിഞ്ഞം തുറമുഖം മൂന്ന് വർഷത്തിനുള്ളിൽ കമ്മിഷൻ ചെയ്യുമെന്ന് പറഞ്ഞിട്ട് യാതൊരു പുരോഗതിയും ഉണ്ടായിട്ടില്ല. യുഡിഎഫ് സർക്കാർ പൂർത്തീകരിച്ച കൊച്ചി മെട്രോ തൃക്കാക്കരയിലേക്ക് നീട്ടുവാൻ പോലും ഇടതുപക്ഷത്തിന് സാധിച്ചിട്ടില്ല. ഇടതുഭരണത്തിൽ വീർപ്പുമുട്ടുന്ന നാടിനെ രക്ഷിക്കാൻ തൃക്കാക്കരയിൽ യുഡിഎഫ് വിജയിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എൻ.കെ പ്രേമചന്ദ്രൻ എംപി, സജീവ് ജോസഫ് എംഎൽഎ എന്നിവരും സന്നിഹിതരായിരുന്നു. പാലച്ചുവട്, ചാലക്കര, ഒലിക്കുഴി കെന്നഡി മുക്ക്, എന്നിവിടങ്ങളിലൂടെ കടന്നുപോയ പര്യടനം വാഴക്കാലയിൽ സമാപിച്ചു.