എൽഡിഎഫ് കോട്ടകളെയും തകര്‍ത്ത് 140ല്‍ 122 മണ്ഡലങ്ങളും പിടിച്ച് കോണ്‍ഗ്രസ്; 16 മന്ത്രിമാരുടെ മണ്ഡലങ്ങളിലും എൽഡിഎഫ് പിന്നില്‍

Jaihind Webdesk
Friday, May 24, 2019

പ്രവചനങ്ങൾക്കപ്പുറമുള്ള തകർപ്പൻ വിജയമായിരുന്നു യുഡിഎഫിന് കേരളത്തിൽ ലഭിച്ചത്. സിപിഎമ്മിന്‍റെയും ബിജെപിയുടെയും എല്ലാ കണക്കു കൂട്ടലുകളെയും തകർത്തെറിയുന്ന ഫലമായിരുന്നു ഇത്തവണത്തേത്. എൽഡിഎഫ് കോട്ടകളെന്ന് സ്ഥാപിച്ച ഇടങ്ങളിലും ഇടത് മന്ത്രിമാരുടെ മണ്ഡലങ്ങളിലെല്ലാം ദയനീയ പരാജയമായിരുന്നു സിപിഎമ്മിന് നേരിടേണ്ടിവന്നത്.

സംസ്ഥാനത്തെ 20 ലോകസഭ മണ്ഡലങ്ങളിലായി 140 നിയമസഭ മണ്ഡലങ്ങളിൽ 122 സീറ്റുകളിലും മുന്നിലെത്തിയത് യുഡിഎഫ് ആണ്.  17 മണ്ഡലങ്ങളിൽ മാത്രമാണ് എൽ.ഡി.എഫിന് മുന്നിലെത്താനായത്.

പിണറായി മന്ത്രിസഭയിലെ 16 മന്ത്രിമാരുടെ മണ്ഡലങ്ങളിലും എൽഡിഎഫ് പിന്നിലാവുകയാണ് ചെയ്തത് . ഒ.രാജഗോപാൽ വിജയിച്ച നേമം മണ്ഡലത്തിൽ മാത്രമാണ് എൻ.ഡി.എക്ക് മുന്നേറ്റം ഉണ്ടാക്കാൻ കഴിഞ്ഞത്. ഇതിൽ വയനാട്, കോഴിക്കോട്, മലപ്പുറം, പൊന്നാനി, ആലത്തൂർ, തൃശ്ശൂർ, ചാലക്കുടി, എറണാകുളം, ഇടുക്കി, മാവേലിക്കര, കൊല്ലം എന്നീ ലോക്സഭ മണ്ഡലങ്ങളിലെ മുഴുവൻ നിയമസഭ സീറ്റിലും യു.ഡി.എഫിനാണ് മുന്നേറ്റം. കാസർഗോഡ്, പാലക്കാട് ലോക്സഭ മണ്ഡലത്തിൽ മാത്രമാണ് ഇടതുപക്ഷത്തിന് യു.ഡി.എഫിനേക്കാൾ മുന്നേറ്റം ഉണ്ടാക്കാനായത്. വടകര, കോട്ടയം, പത്തനംതിട്ട, ആറ്റിങ്ങൽ, തിരുവനന്തപുരം ലോക്സഭ മണ്ഡലങ്ങളിൽ ഒരു നിയമസഭ മണ്ഡലമൊഴിച്ച് മറ്റെല്ലാ മണ്ഡലങ്ങളിലും യു.ഡി.എഫ് ആണ് മുന്നിൽ.
കണ്ണൂരിൽ 5 മണ്ഡലങ്ങളിൽ യു.ഡി.എഫും 2 മണ്ഡലങ്ങളിൽ എൽ.ഡി.എഫും മുന്നിട്ട് നിന്നു. എൽ.ഡി.എഫിന് സീറ്റ് ലഭിച്ച ആലപ്പുഴയിൽ മൂന്ന് മണ്ഡലങ്ങളിൽ മാത്രമാണ് എൽ.ഡി.എഫ് മുന്നിട്ട് നിന്നത്.