മുന്നണി അപ്രസക്തമായെന്നത് കള്ളപ്രചാരണം ; ബിജെപിയെ വളര്‍ത്താനുള്ള  തന്ത്രം ; മുഖ്യമന്ത്രിക്ക് യുഡിഎഫിന്‍റെ മറുപടി

Jaihind News Bureau
Saturday, December 19, 2020

തിരുവനന്തപുരം : യുഡിഎഫ് അപ്രസക്തമായെന്നത് കള്ളപ്രചാരണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. യുഡിഎഫിനെ അപ്രസക്തമാക്കി ബിജെപിയെ വളര്‍ത്താനുള്ള  തന്ത്രമാണ് സിപിഎമ്മിന്‍റേത്. ശബരിമല വിവാദ കാലം മുതൽ സിപിഎം ഇതിനാണ് ശ്രമിച്ചത്.  കേരളത്തില്‍ ബിജെപി ക്ലച്ച് പിടിക്കില്ലെന്ന് ഈ തെരഞ്ഞെടുപ്പ് തെളിയിച്ചു.  തെരഞ്ഞെടുപ്പില്‍ പാളിച്ചകള്‍ ഉണ്ടായി എന്ന് തുറന്നുസമ്മതിക്കുന്നു. അവ പരിഹരിച്ച് മുന്നോട്ടുപോകും. നിയമസഭാ തെരഞ്ഞെടുപ്പില്‍ വര്‍ധിതവീര്യത്തോടെ പോരാടുമെന്നും അദ്ദേഹം പറഞ്ഞു. യുഡിഎഫ് ഏകോപനസമിതി യോഗത്തിനുശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു നേതാക്കള്‍.

കെപിസിസി അധ്യക്ഷന്‍റെ കാര്യത്തിൽ ലീഗ് ഇടപെടുന്നു എന്ന മുഖ്യമന്ത്രിയുടെ പോസ്റ്റ് നിലവാരമില്ലാത്തതാണെന്ന് പി.കെ കുഞ്ഞാലിക്കുട്ടി എം.പി പറഞ്ഞു. ഭാവനയിൽ നിന്ന് സൃഷ്ടിച്ചെടുത്ത് സാമുദായിക ചേരിതിരിവുണ്ടാക്കാനുള്ള നീക്കമാണ് മുഖ്യമന്ത്രിയുടേത്. സന്ദര്‍ഭങ്ങള്‍ക്കനുസരിച്ച് കാര്‍ഡുകള്‍ മാറിക്കളിക്കുന്നയാളാണ് മുഖ്യമന്ത്രി. മുഖ്യമന്ത്രി സ്ഥാനത്തിരുന്ന് ചെയ്യാന്‍ പാടില്ലാത്ത നീചപ്രവൃത്തിയെന്ന് പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. യുഡിഎഫിന്റെ കാര്യം തീരുമാനിക്കാന്‍ പിണറായിയുടെ ഉപദേശം വേണ്ടെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.