പിണറായി ഭരണം മേയ് 2ന് അവസാനിക്കും ; വോട്ടെണ്ണല്‍ ദിനം വരെയും യുഡിഎഫ് പ്രവർത്തകർ ജാഗരൂകരായിരിക്കണം ; ചതിയുണ്ടാകുമെന്ന് മുന്നറിയിപ്പ് നല്‍കി എ.കെ ആന്‍റണി

Jaihind Webdesk
Tuesday, April 6, 2021

തിരുവനന്തപുരം : പിണറായി സർക്കാരിന്‍റെ ദിനങ്ങൾ എണ്ണപ്പെട്ടിരിക്കുന്നുവെന്ന് കോണ്‍ഗ്രസ് പ്രവർത്തകസമിതിയംഗം എ.കെ ആന്‍റണി. മേയ് 2 വരെയുള്ള കെയർ ടേക്കർ മുഖ്യമന്ത്രി മാത്രമാണ് പിണറായി വിജയന്‍. എന്ത് അക്രമവും ചതിയും വഞ്ചനയും ചെയ്യാന്‍ മടിയില്ലാത്ത ഒരു സർക്കാരാണിതെന്നും വോട്ടെണ്ണല്‍ ദിവസം വരെ യുഡിഎഫ് പ്രവര്‍ത്തകർ നിതാന്ത ജാഗ്രത പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഇനിയും ഒരു പിണറായി ഭരണമെന്നത് കേരളത്തിലെ ജനങ്ങൾക്ക് പേടിസ്വപ്നമാണ്. തുടർഭരണമുണ്ടായാല്‍ കേരളത്തിന്‍റെ സർവനാശമായിരിക്കും സംഭവിക്കുകയെന്നും ആന്‍റണി പറഞ്ഞു.

പരമ്പരാഗത കോട്ടകൾ സിപിഎമ്മിന് നഷ്ടപ്പെടാൻ പോകുന്നു. പിണറായിയുടെ മുഖ്യമന്ത്രിയുടെ സ്ഥാനം മേയ് 2 ന് അവസാനിക്കും. അടുത്ത യുഡിഎഫിന്‍റെ മുഖ്യമന്ത്രി വരുന്നതുവരെയുള്ള കെയർടേക്കർ മുഖ്യമന്ത്രി മാത്രമാണ് പിണറായി വിജയന്‍. എന്തും ചെയ്യാൻ മടിക്കാത്ത സർക്കാരാണ് കേരളം ഭരിക്കുന്നത്. ഇനിയുള്ള ദിവസങ്ങളിൽ യുഡിഎഫ് പ്രവർത്തകർ നിതാന്ത ജാഗ്രത പാലിക്കണം. വോട്ടെണ്ണുന്നതുവരെ കണ്ണിലെണ്ണെയൊഴിച്ച് പട്ടാളക്കാർ അതിർത്തി സൂക്ഷിക്കുന്നതുപോലെ ജാഗ്രത പാലിക്കണം. ചതിയുണ്ടാകാൻ സാധ്യതയുണ്ടെന്ന് എ.കെ ആന്‍റണി ഓർമിപ്പിച്ചു. അസമില്‍ ബിജെപി സ്ഥാനാർത്ഥിയുടെ കാറില്‍ ഇവിഎം കണ്ടെത്തിയ സംഭവം ആന്‍റണി ചൂണ്ടിക്കാട്ടി. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ മോദി ചെയ്യുന്നതുപോലെ തന്നെയാണി ഇവിടെ പിണറായിയും ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.

ജനാധിപത്യ മതേതര വിശ്വാസികൾക്ക് ഉത്സവകാലമായിരിക്കും വരാന്‍ പോകുന്ന തെരഞ്ഞെടുപ്പ് ഫലം. കോൺഗ്രസ് ഉയർത്തെഴുന്നേൽക്കാൻ പോകുന്നു. സോണിയാ ഗാന്ധിയുടെയും രാഹുൽ ഗാന്ധിയുടെയും നേതൃത്വത്തിൽ മോദിയെ നേരിടാനുള്ള ശക്തി കേരളത്തിലെ ജനങ്ങൾ കോൺഗ്രസിന് നൽകും. മോദി സർക്കാരിനെതിരായ വമ്പിച്ച ജനകീയ പ്രക്ഷോഭങ്ങൾ കേരളത്തിലെ കരുത്തില്‍ കോണ്‍ഗ്രസ് ആരംഭിക്കും. കോൺഗ്രസ് ഇന്ത്യയിൽ ഇടിമുഴക്കം പോലെ തിരിച്ചുവരാനുള്ള തുടക്കമാകും കേരളത്തിലെ വിധിയെഴുത്ത്. എല്ലാ ജനാധിപത്യ വിശ്വാസികളെയും അഭിനന്ദിക്കുന്നതായും അദ്ദേഹം പറഞ്ഞു.