മുംബൈ : മഹാരാഷ്ട്രയെ ഇനി മഹാസഖ്യം നയിക്കും. മഹാരാഷ്ട്രയുടെ 18-ാമത് മുഖ്യമന്ത്രിയായി ശിവസേന തലവൻ ഉദ്ധവ് താക്കറെ സത്യപ്രതിജ്ഞ ചെയ്തു. സെന്‍ട്രല്‍ മുംബൈയിലെ ശിവാജി പാർക്കില്‍ നടന്ന ചടങ്ങില്‍ ആയിരങ്ങളെ സാക്ഷിനിർത്തി 6.45 നാണ് ഉദ്ധവ് താക്കറെ സത്യപ്രതിജ്ഞ ചെയ്തത്. ഉദ്ധവിനൊപ്പം മൂന്ന് പാര്‍ട്ടികളില്‍ നിന്നായി ആറ് മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തു. മഹാരാഷ്ട്ര ഗവർണർ ഭഗത് സിംഗ് കോഷ്യാരി സത്യവാചകം ചൊല്ലിക്കൊടുത്തു.
താക്കറെ കുടുംബത്തിൽ നിന്ന് മുഖ്യമന്ത്രി സ്ഥാനത്തെത്തുന്ന ആദ്യ നേതാവും ശിവസേനയിൽ നിന്ന് മുഖ്യമന്ത്രി സ്ഥാനത്തെത്തുന്ന മൂന്നാമത്തെ നേതാവുമാണ് ഉദ്ധവ് താക്കറെ. ശിവസേനാ നേതാക്കളായ ഏക്നാഥ് ഷിന്‍ഡെ, സുഭാഷ് ദേശായി, കോണ്‍ഗ്രസ് നേതാക്കളായ ബാലാസാഹെബ് തൊറാട്ട്, നിതിന്‍ റാവത്, എന്‍.സി.പി നേതാക്കളായ ജയന്ത് പാട്ടീല്‍, ഛഗാന് ഭുജ്ബല്‍ എന്നിവരും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു.
എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ, അഹമ്മദ് പട്ടേൽ , മല്ലികാർജുൻ ഖാർഗെ, മധ്യപ്രദേശ് മുഖ്യമന്ത്രി കമൽ നാഥ്, അശോക് ചവാന്, എന്‍.സി.പി നേതാക്കളായ ശരദ് പവാര്‍, സുപ്രിയ സുലെ, അജിത് പവാർ, പ്രഫുല്‍ പട്ടേല്‍, ഛത്തീസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ഭാഗൽ, ഡി.എം.കെ അധ്യക്ഷൻ എം.കെ സ്റ്റാലിൻ, ശിവസേന നേതാക്കളായ സഞ്ജയ് റാവുത്, മുൻ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്, മുകേഷ് അംബാനി ഉൾപ്പെടെയുള്ളവർ ചടങ്ങിൽ പങ്കെടുത്തു.
സത്യപ്രതിജ്ഞ ചെയ്ത മന്ത്രിമാരുടെ വകുപ്പുകൾ പിന്നീട് തീരുമാനിക്കും. ഉദ്ധവ് താക്കറെയുടെ അദ്ധ്യക്ഷതയിൽ ആദ്യ മന്ത്രിസഭാ യോഗം മുംബൈ സഹ്യാദ്രി ഗസ്റ്റ് ഹൗസിൽ ചേർന്നു. മഹാ വികാസ് അഘാഡിയുടെ പൊതു മിനിമം പരിപാടി സത്യപ്രതിജ്ഞാ ചടങ്ങുകൾക്ക് മുമ്പ് പ്രഖ്യാപിച്ചിരുന്നു. പ്രധാന മന്ത്രി നരേന്ദ്ര മോദി ട്വിറ്ററിൽ ഉദ്ദവ് താക്കറെക്ക് ആശംസകൾ നേർന്നു. രാഷ്ട്രീയ കുതിരക്കച്ചവടത്തിലൂടെ അധികാരത്തിൽ എത്താൻ ശ്രമിച്ച ബി.ജെ.പിക്ക് പതിനായിരങ്ങളെ സാക്ഷി നിർത്തിയാണ് ശിവാജി പാർക്കിൽ മഹാവികാസ് അഘാഡി മറുപടി നൽകിയത്.
സത്യ പ്രതിജ്ഞാ ചടങ്ങിൽ എത്താൻ കഴിയാതിരുന്ന കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി, രാഹുല്‍ ഗാന്ധി, മുന്‍ പ്രധാനമന്ത്രി ഡോ. മന്മോഹന് സിംഗ് തുടങ്ങിയവര്‍ മഹാരാഷ്ട്ര മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഉദ്ധവ് താക്കറെയ്ക്കും മറ്റ് മന്ത്രിമാര്‍ക്കും ആശംസകള്‍ അറിയിച്ചു.