അഹിന്ദു കൊണ്ടുവരുന്ന ഭക്ഷണം നിഷേധിച്ച ഉപഭോക്താവിനെ തള്ളിപ്പറഞ്ഞ ഓൺലൈൻ ഫുഡ് ഡെലിവറി സ്ഥാപനം സൊമാറ്റോയ്ക്ക് പിന്തുണയുമായി ഊബർ ഈറ്റ്സ് ഇന്ത്യ. ‘സൊമാറ്റോയോടൊപ്പം നിലകൊള്ളുന്നു എന്നായിരുന്നു ഊബർ ഈറ്റ്സിന്റെ പ്രതികരണം. ‘ഭക്ഷണത്തിന് മതമില്ല, ഭക്ഷണം തന്നെയാണ് മതം’ എന്ന സൊമാറ്റോയുടെ പ്രതികരണം സമൂഹമാധ്യമങ്ങളിലടക്കം ചർച്ചയായിരുന്നു.
‘നമോ സർക്കാർ’ എന്ന ട്വിറ്റർ ഹാൻഡിലിൽ നിന്നാണ് സോമാറ്റോയ്ക്ക് ഇത്തരമൊരു വിചിത്രമായ അറിയിപ്പ് കിട്ടുന്നത്. മധ്യപ്രദേശ് സ്വദേശി അമിത് ശുക്ലയാണ് ഓർഡറെടുത്തയാൾ ഹിന്ദുവല്ലെന്ന് സൊമാറ്റോയെ അറിയിച്ചത്. അഹിന്ദുവായ ഡെലിവെറി ബോയ് ആണ് തനിക്കായി ഭക്ഷണം കൊണ്ട് വരുന്നതെന്നും, ഇത് തനിക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നതായും അറിയിച്ച് അമിത് സൊമാറ്റോയ്ക്ക് ട്വീറ്റ് ചെയ്തു. തുടർന്ന് സൊമാറ്റോക്കെതിരെ ഇയാൾ രംഗത്തെത്തുകയും ചെയ്തിരുന്നു. എന്നാൽ ഡെലിവറി ബോയിയെ മാറ്റാനാവില്ലെന്ന് സൊമാറ്റോയും അറിയിച്ചു. ഡെലിവറി സ്വീകരിക്കണമെന്ന് പറഞ്ഞ് തന്നെ നിർബന്ധിക്കാൻ നിങ്ങൾക്കാവില്ലെന്നും. തനിക്ക് ഭക്ഷണം ആവശ്യമില്ലെന്നും അമിത് അറിയിച്ചതോടെയാണ് സൊമാറ്റേ പ്രതികരണവുമായി ട്വിറ്റ് ചെയ്തത്. വ്യക്തമായ കാരണമില്ലാത്തത് കൊണ്ട് തന്നെ ഭക്ഷണം കാൻസൽ ചെയ്യാൻ സാധിക്കില്ലെന്നും റീഫണ്ട് നടക്കില്ലെന്നും അധികൃതർ അറിയിച്ചു.
ഭക്ഷണത്തിന് മതമില്ല, ഭക്ഷണം തന്നെ ഒരു മതമാണ് ‘എന്നായിരുന്നു റീ ട്വീറ്റ് ചെയ്തുകൊണ്ട് സൊമാറ്റോ ട്വിറ്ററിൽ പ്രതികരിച്ചത്. ഇതോടെ സൊമാറ്റോയുടെ നിലപാടിന് പിന്തുണയേകി നിരവധി പേർ സോഷ്യൽ മീഡിയയിൽ രംഗത്തെത്തുകയും ചെയ്തു. ബിസിനസ് രംഗത്ത് പ്രധാന എതിരാളിയായ യൂബർ ഈറ്റ്സും സൊമാറ്റോയ്ക്ക് പിന്തുണയുമായി എത്തിയതോടെ സമൂഹമാധ്യമങ്ങൾ വിഷയം ഏറ്റെടുത്തിരിക്കുകയാണ്.