സിപിഎം കുടുംബത്തിലെ അംഗങ്ങളും സജീവ പ്രവര്‍ത്തകരുമായിരുന്ന അലനേയും താഹയേയും മാവോയിസ്റ്റ് ബന്ധം ആരോപിച്ച് യു.എ.പി.എ പ്രകാരം കേരളപോലീസ് അറസ്റ്റ് ചെയ്തശേഷം പിന്നീട് കേസ് എന്‍.ഐ.എയ്ക്കു വിട്ടത് സംസ്ഥാന സര്‍ക്കാരല്ലെന്ന മുഖ്യമന്ത്രിയുടെ അവകാശവാദം ആരുംവിശ്വസിക്കില്ലെന്ന് കെ.പി.സി.സി. പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്.
വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് അലനേയും താഹയേയു കസ്റ്റഡിയിലെടുത്തതെന്ന് മുഖ്യമന്ത്രി പലതവണ പറഞ്ഞിട്ടുണ്ട്. കേരളപോലീസ് അറിയാതെയും ബന്ധപ്പെട്ട ആരേയും അറിയിക്കാതെയും പൊടുന്നനവെ ഈ കേസ് എന്‍.ഐ.എ. ഏറ്റെടുത്തതാണെന്ന വാദം അവിശ്വസനീയമാണ്. എന്‍.ഐ.എയില്‍ ഉന്നത പദവിയിലിരുന്ന കേരള ഡി.ജി.പി മുഖ്യമന്ത്രിയുടെ സമ്മതത്തോടെ തയ്യാറാക്കിയ തിരക്കഥയുടെ പശ്ചാത്തലത്തിലാണ് ഈ ചെറുപ്പക്കാരെ അറസ്റ്റ് ചെയ്തത്. ഇവര്‍ക്കെതിരേ യു.എ.പി.എ ചുമത്തിയത് തന്നെ എന്‍.ഐ.എയ്ക്കു വിടുകയെന്ന ദുരുദ്ദേശ്യത്തോടെയാണ്. പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രസാദിപ്പിക്കുന്നതിനാണ് മുഖ്യമന്ത്രിയും ഡി.ജി.പിയും ചേര്‍ന്നു ഇത്തരമൊരു തിരക്കഥ തയ്യാറാക്കിയത്. ഈ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെയും സി.പി.എമ്മിന്റെയും നിലപാട് എന്താണെന്ന് വ്യക്തമാക്കാനുള്ള രാഷ്ട്രീയ മാന്യത മുഖ്യമന്ത്രി കാട്ടണം. ഗവര്‍ണറുടെ കാര്യത്തിലും മുഖ്യമന്ത്രി ഇതേ ഒളിച്ചുകളി നടത്തുകയാണ്. പ്രധാനമന്ത്രിയുടെ പ്രീതിനേടാനാണ് ഗവര്‍ണറെ വിമര്‍ശിക്കുന്നതിന് പകരം മുഖ്യമന്ത്രി രമ്യതയില്‍ പോകുന്നത്.
സി.പിഎം പാര്‍ലമെന്റിന് അകത്തും പുറത്തും ശക്തമായി എതിര്‍ക്കുന്ന യു.എ.പി.എയെന്ന കരിനിയമം ഉപയോഗിച്ച് യുവാക്കളെ അറസ്റ്റ് ചെയ്തതും കേസ് എന്‍.ഐ.എയ്ക്ക് വിട്ടതും മനുഷ്യാവകാശ ലംഘനമാണ്. കേരളീയ സമൂഹത്തോട് മുഖ്യമന്ത്രി തെറ്റ് ഏറ്റുപറഞ്ഞ് ക്ഷമാപണം നടത്തണമെന്ന് മുല്ലപ്പള്ളി ആവശ്യപ്പെട്ടു.