യുഎഇ കൊവിഡ് : 40 ദിവസത്തിനുള്ളില്‍ 16,655 പേര്‍ക്ക് പുതിയതായി രോഗം കണ്ടെത്തി ; ആക്ടീവ് കേസുകള്‍ രണ്ടായിരത്തില്‍ നിന്നും എണ്ണായിരം കവിഞ്ഞു ; നടപടി കര്‍ശനമാക്കുന്നു

ദുബായ് : യുഎഇയില്‍ കൊവിഡ് നിയമലംഘകര്‍ക്കുള്ള നിയമ നടപടികള്‍ കൂടുതല്‍ കര്‍ശനമാക്കുന്നു. രാജ്യത്ത് കൊവിഡ് ആക്ടീവ് കേസുകള്‍, 40 ദിവസത്തിനുള്ളില്‍ രണ്ടായിരത്തില്‍ നിന്നും എണ്ണായിരത്തിന് മുകളിലേക്ക് എത്തിയതോടെയാണിത്.

യുഎഇയില്‍ ഒക്ടോബര്‍ മാസം അഞ്ചിന് , കൊവിഡ് മൂലം ചികിത്സയില്‍ ഉണ്ടായിരുന്നത് 1973 പേര്‍ മാത്രമാണ്. ഇതാണ്, 40 ദിവസം കഴിഞ്ഞപ്പോള്‍, 8667 ആക്ടീവ് കേസായി ( നവംബര്‍ 20 വരെ ) കൂടിയത്. ഒക്ടോബര്‍ മാസം അഞ്ചിന് ആകെ 508 പേരാണ് മരിച്ചതെങ്കില്‍, വെളളിയാഴ്ച വരെ 547 തികഞ്ഞിരിക്കുന്നു. 36 മരണ കേസുകള്‍ കൂടി. അതേസമയം, ആകെ രോഗികളുടെ എണ്ണത്തിലും വര്‍ധന വന്നു. 40 ദിവസത്തിനുള്ളില്‍ യുഎഇയില്‍ മാത്രം, 16,655 പേര്‍ക്ക് പുതിയതായി കൊവിഡ് രോഗം സ്ഥിരീകരിച്ചു. രോഗമുക്തി നേടിയവരുടെ എണ്ണത്തിലും വര്‍ധന വന്നു. 40 ദിവസത്തിനുള്ളില്‍ 10,351 പേര്‍ക്ക് രോഗമുക്തി ലഭിച്ചു.  

അതേസമയം, നിയമം ലംഘിച്ചാല്‍, അജ്മാനില്‍ 3,000 ദിര്‍ഹം പിഴ ഒടുക്കേണ്ടിവരുമെന്ന് പൊലീസ് മുന്നറിയിപ്പ് നല്‍കി. ഇതിന്റെ ഭാഗമായി, അടിയന്തര നിവാരണ സംഘവുമായി സഹകരിച്ച് ,  നിയമലംഘകരെ പിടികൂടാന്‍, അജ്മാന്‍ പൊലീസ് ക്യാംപയിന്‍ ശക്തമാക്കി. മാസ്‌ക് ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയും വേണമെന്ന് നിര്‍ദേശിച്ചു. ഇതിനിടെ, സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാത്തവരെ കണ്ടെത്താന്‍ ദുബായ് സാമ്പത്തിക വിഭാഗം അടക്കമുള്ള വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ പരിശോധന കൂടുതല്‍ ശക്തമാക്കി. അബുദാബിയിലും കൊവിഡ് സുരക്ഷാ നടപടികള്‍ കൂടുതല്‍ കര്‍ശനമാക്കി. ഇതിന്റെ ഭാഗമായി യുഎഇ ദേശീയ ദിനം ഉള്‍പ്പടെയുള്ള അവധി ദിനങ്ങളില്‍, ആഘോഷങ്ങള്‍ ഒഴിവാക്കി, രാജ്യത്തെ താമസക്കാര്‍ സാമൂഹിക നിയന്ത്രണം പാലിക്കണമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.

Comments (0)
Add Comment