ദുബായ് : യുഎഇ അംഗീകരിച്ച വാക്സീൻ സ്വീകരിച്ച റസിഡൻസ് വീസക്കാർക്ക് വ്യാഴാഴ്ച മുതൽ പ്രവേശനം അനുവദിക്കും. വാക്സീൻ സ്വീകരിച്ച് 14 ദിവസം കഴിഞ്ഞവർക്ക് മാത്രമാണ് യാത്രക്ക് അനുമതിയുള്ളത്.
ഇന്ത്യയിലെ കൊവിഡ് വ്യാപനത്തിൻറെ പശ്ചാത്തലത്തിൽ ഏപ്രിൽ 25 മുതലാണ് ഇന്ത്യയിൽ നിന്ന് നേരിട്ട് പ്രവേശിക്കുന്നതിന് യുഎഇ വിലക്കേർപ്പെടുത്തിയത്. വിലക്ക് മൂന്ന് മാസം പിന്നിട്ട സാഹചര്യത്തിലാണ് യുഎഇ ദേശീയഅടിയന്തരദുരന്ത നിവാരണ സമിതി ഭാഗീകമായി വിലക്ക് പിൻവലിക്കുന്നത്. യുഎഇ അംഗീകരിച്ച രണ്ടു ഡോസ് വാക്സീൻ സ്വീകരിച്ച് 14 ദിവസം പിന്നിട്ട കാലാവധിയുള്ള റസിഡൻസ് വീസക്കാർക്ക് ഓഗസ്റ്റ് അഞ്ചു മുതൽ യുഎഇയിലേക്ക് മടങ്ങിയെത്താം. ഓക്സ്ഫോർഡ് ആസ്ട്രസെനക്ക, അഥവാ കൊവീഷീൽഡ്, ഫൈസർ, സിനോഫാം,സ്പുട്നിക് എന്നീ വാക്സീനുകളാണ് യുഎഇ അംഗീകരിച്ചിട്ടുള്ളത്. കോവാക്സീന് യുഎഇ അംഗീകാരം നൽകിയിട്ടില്ല.
യുഎഇയിലേക്ക് യാത്ര ചെയ്യുന്നവർ വാക്സീൻ സർട്ടിഫിക്കറ്റ് കയ്യിൽ കരുതണം. യുഎഇയിലെ വിദ്യാർഥികൾ, അധ്യാപകർ, ആരോഗ്യപ്രവർത്തകർ തുടങ്ങിയവർ വാക്സീൻ സ്വീകരിച്ചിട്ടില്ലെങ്കിലും യാത്രക്ക് അനുമതിലഭിക്കും. ഇവർ ഫെഡറൽ അതോറിറ്റി ഫോർ ഐഡൻറ്റിറ്റി ആൻഡ് സിറ്റിസൺഷിപ്പിൽ നിന്നും മുൻകൂർ അനുമതി നേടണം. യാത്ര പുറപ്പെടുന്നതിന് 48 മണിക്കൂറിനുള്ലിൽ ലഭിച്ച പിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റും നിർബന്ധമാണ്. സന്ദർശകവീസയിലുള്ളവർ വാക്സീൻ സ്വീകരിച്ചവരാണെങ്കിലും നിലവിൽ യാത്രാനുമതിയുണ്ടാകില്ല. കേരളത്തിലടക്കം കുടുങ്ങിക്കിടക്കുന്ന മലയാളികളടക്കം ആയിരക്കണക്കിന് പ്രവാസികൾക്ക് ആശ്വാസകരമാണ് പുതിയ തീരുമാനം.