ദുബായ്: യുഎഇ താമസ വിസക്കാര്‍ക്ക് ഇനി ആറു മാസം രാജ്യത്തിന് പുറത്ത് കഴിഞ്ഞാലും മടങ്ങിയെത്താമെന്ന് റിപ്പോര്‍ട്ട്. ഇതിനായി പഴയ പെര്‍മിറ്റ് വഴി അപേക്ഷ നല്‍കാമെന്ന് അധികൃതര്‍ വ്യക്തമാക്കി. എന്നാല്‍ ഇത്തരക്കാര്‍ ഇത്രയും കാലം രാജ്യത്തിന് പുറത്തു താമസിച്ച തെളിവ് ഹാജരാക്കണം. ഇതു സംബന്ധിച്ച അറിയിപ്പ് ലഭിച്ചതായി യുഎഇയിലെ ട്രാവല്‍, ടൈപ്പിംഗ് സെന്‍റര്‍ ഏജന്‍റുമാര്‍ സ്ഥിരീകരിച്ചു.
യുഎഇയില്‍ നിന്ന് ചികിത്സയ്ക്കും മറ്റുമായി ഇന്ത്യയിലെത്തി ആറു മാസം പിന്നിട്ട മലയാളികളുള്‍പ്പെടെ ഒട്ടേറെ താമസ വിസകാര്‍ക്ക് ഈ പുതിയ നിയമം ഗുണകരമാകും. ഇതോടെ ആറു മാസത്തിലേറെ രാജ്യത്തിന് പുറത്ത് താമസിക്കുന്ന യുഎഇ താമസ വിസക്കാര്‍ക്ക് വീണ്ടും രാജ്യത്തു പ്രവേശിക്കാന്‍ പഴയ പെര്‍മിറ്റ് വഴി അപേക്ഷിക്കാവുന്നതാണ്. ഇത്രയും കാലം രാജ്യത്തിന് പുറത്തു താമസിച്ച തെളിവ് ഇതിനായി ഹാജരാക്കണം. താമസക്കാര്‍ക്ക് ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്‍റിറ്റി, സിറ്റിസണ്‍ഷിപ്പ്, കസ്റ്റംസ് ആന്‍ഡ് പോര്‍ട്ട് സെക്യൂരിറ്റി (ഐസിപി) വെബ്‌സൈറ്റില്‍ സേവനത്തിനായി ഇവ ലഭ്യമാണ്. സ്മാര്‍ട്ട് സേവനങ്ങള്‍ എന്ന വിഭാഗത്തിലാണ് അപേക്ഷിക്കേണ്ടത്. ആറു മാസത്തില്‍ കൂടുതല്‍ യുഎഇക്ക് പുറത്ത് താമസിക്കുന്നതിനുള്ള പെര്‍മിറ്റ് ഇഷ്യൂ ചെയ്യുക എന്നാണ് ഈ സേവനത്തിന്‍റെ പേര്.
ഒരു അംഗീകാര ഇ-മെയില്‍ ലഭിച്ചതിന് ശേഷം മാത്രമേസ അപേക്ഷകന് രാജ്യത്ത് വീണ്ടും പ്രവേശിക്കാന്‍ കഴിയൂ. ഈ നടപടി പൂര്‍ത്തിയാകാന്‍ അഞ്ച് ദിവസമെങ്കിലും വേണ്ടിവരും. സേവനം പ്രയോജനപ്പെടുത്തുന്നതിന് അപേക്ഷകര്‍ അവരുടെയും സ്‌പോണ്‍സര്‍മാരുടെയും വിശദാംശങ്ങളും പാസ്പോര്‍ട്ടും ബന്ധപ്പെട്ട വിവരങ്ങളും നല്‍കണം. സാധാരണ ഗതിയില്‍ യുഎഇ താമസക്കാരന്‍ 180 ദിവസം രാജ്യത്തിന് പുറത്താണെങ്കില്‍ താമസ വിസ റദ്ദാക്കപ്പെടും. ഈ സംവിധാനത്തിലാണ് പ്രത്യക അപേക്ഷ വഴി മാറ്റം വരുത്തുന്നുന്നത്. എന്നാല്‍ ഗോള്‍ഡന്‍ വിസക്കാര്‍ക്ക് ആറ് മാസത്തില്‍ കൂടുതല്‍ രാജ്യത്തിന് പുറത്ത് കഴിയാന്‍ നേരത്തെയും അനുമതിയുണ്ട്.