യുഎഇയില്‍ വീണ്ടും ശക്തമായ മൂടല്‍മഞ്ഞ് ; ദൂരക്കാഴ്ച കുറഞ്ഞത് മൂലം നിരവധി വാഹനാപകടം

ദുബായ് : യുഎഇയില്‍ കനത്ത മൂടല്‍മഞ്ഞില്‍ ദൂരക്കാഴ്ച കുറഞ്ഞത് മൂലം ഇരുപത്തില്‍ അധികം വാഹനങ്ങള്‍ കൂട്ടിയിടിച്ചു. അപകടത്തില്‍ ഒരാള്‍ മരിക്കുകയും 8 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. ദുബായിലും നിരവധി ചെറിയ വാഹനാപകട കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.

അബുദാബി അല്‍ മഫ്‌റഖില്‍ ചൊവ്വാഴ്ച രാവിലെയായിരുന്നു അപകടം. പരുക്കേറ്റവരെ ആശുപത്രിയിലേയ്ക്ക് മാറ്റി. കാറുകളും വലിയ വാഹനങ്ങളുമാണ് കൂട്ടിയിടിച്ചത്. അപകടത്തില്‍പ്പെട്ട ഒരു വാഹനത്തിന്റെ ഡ്രൈവറാണ് മരിച്ചത്. ഇദ്ദേഹം ഏഷ്യക്കാരനാണെന്ന് അബുദാബി പൊലീസ് പറഞ്ഞു. കനത്ത മൂടല്‍മഞ്ഞില്‍ ദൂരക്കാഴ്ച കുറഞ്ഞതാണ് അപകടങ്ങള്‍ക്ക് കാരണം. നിശ്ചിതദൂരം പാലിക്കാതെ വാഹനങ്ങള്‍ സഞ്ചരിച്ചതാണ് അപകട കാരണമെന്നും പൊലീസ് വ്യക്തമാക്കി.

കഴിഞ്ഞ ദിവസങ്ങളിലായി യുഎഇയില്‍ മൂടല്‍മഞ്ഞ് ശക്തമാണ്. ജോലിക്കും വ്യാപാര ആവശ്യത്തിനും പുലര്‍ച്ചെയാണ് മിക്കവരും യാത്ര ചെയ്യുന്നത്. അതിനാല്‍, എല്ലാവരും അതീവ ജാഗ്രത പാലിക്കണമെന്ന് പൊലീസ് നിര്‍ദേശിച്ചു. കനത്ത മൂടല്‍മഞ്ഞില്‍ രാജ്യത്തെ പല റോഡുകളിലും ഗതാഗത തടസ്സമുണ്ടായി. ഷാര്‍ജ-ദുബായ് റോഡുകളില്‍ ഇതുമൂലം വലിയ തിരക്ക് അനുഭവപ്പെട്ടു. ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് റോഡ്, അല്‍ ഇത്തിഹാദ് റോഡ് എന്നിവിടങ്ങളിലാണ് ഗതാഗതക്കുരുക്ക് രൂക്ഷമായത്.

Comments (0)
Add Comment