യുഎഇ എക്‌സ്‌ചേഞ്ച് സേവനം താൽക്കാലികമായി നിര്‍ത്തി: നാളെ മുതല്‍ പുതിയ ഇടപാടുകള്‍ ഇല്ലെന്ന് കമ്പനി; ആശങ്കയില്‍ ജീവനക്കാരും ഇടപാടുകാരും

ദുബായ് : പ്രമുഖ ധനവിനിമയ സ്ഥാപനമായ യുഎഇ എക്‌സ്‌ചേഞ്ച്, സേവനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്താന്‍ തീരുമാനിച്ചു. ഇതോടെ, നാളെ മുതല്‍ ഗള്‍ഫിലെ ശാഖകളില്‍ ഇടപാടുകള്‍ ഉണ്ടാകില്ലെന്ന് അധികൃതര്‍ ദുബായില്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. കമ്പനി പ്രവര്‍ത്തന വെല്ലുവിളി നേരിടുന്നതിനാലാണ് തല്‍ക്കാലം അവസാനിപ്പിക്കുന്നതെന്നും അധികൃതര്‍ പറഞ്ഞു.

കര്‍ണാടക മംഗ്ലുരു സ്വദേശിയായ വ്യവസായി ബി.ആര്‍.ഷെട്ടിയുടെ ഉടമസ്ഥതയിലുള്ളതാണ് വര്‍ഷങ്ങളായി യുഎഇയില്‍ വിജയകരമായി പ്രവര്‍ത്തിച്ചുവന്ന യുഎഇ എക്‌സ്‌ചേഞ്ച്. ലണ്ടന്‍ സ്റ്റോക് എക്‌ചേഞ്ച് ലിസ്റ്റ് ചെയ്ത ഫിനാബ്ലറിന്റെ കീഴിലാണ് , കമ്പനി പ്രവര്‍ത്തിച്ചിരുന്നത്. നൂറുകണക്കിന് മലയാളികളടക്കമുള്ള ഇന്ത്യക്കാരും സ്വദേശികളും ഇതര രാജ്യക്കാരും ഇവിടെ ജോലി ചെയ്യുന്നുണ്ട്.  ഈ അടുത്തിടെ ഷെട്ടിയുടെ കീഴിലുള്ള എന്‍എംസി ഹെല്‍ത്ത് കെയര്‍ ഗ്രൂപ്പ്, വലിയ പ്രശ്‌നങ്ങളില്‍ അകപ്പെട്ടിരുന്നു. ഇതിന്റെ തുടര്‍ച്ചയായിട്ടാണ് ഈ നീക്കമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇതുമൂലം ഉപയോക്താക്കള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടുകളില്‍ ക്ഷമ ചോദിക്കുകയാണെന്നും കമ്പനിയുടെ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.

Comments (0)
Add Comment