ആറുലക്ഷം രൂപ ആകെ സമ്മാന തുകയുള്ള കേക്ക് മത്സരത്തിന് യുഎഇ ; ടെലിവിഷന്‍ പാര്‍ട്ണര്‍ ജയ്ഹിന്ദ് ടി.വി

Jaihind News Bureau
Thursday, September 12, 2019
ദുബായ് : വീട്ടില്‍ ഇരുന്ന് യു.എ.ഇയിലെ ഏറ്റവും മികച്ച കേക്ക് ഉണ്ടാക്കുന്നവരെ കണ്ടെത്താനുള്ള മികച്ച മത്സരത്തിന് യു.എ.ഇ നഗരം വേദിയാകുന്നു. ആകെ 30,000 ദിര്‍ഹം ( ഏകദേശം ആറുലക്ഷം രൂപ ) സമ്മാന തുകയുള്ള മത്സരത്തിന്‍റെ രജിസ്‌ട്രേഷന്‍ ആരംഭിച്ചു.

വീട്ടമ്മമാര്‍ ഉള്‍പ്പടെ ആര്‍ക്കും ഏത് രാജ്യക്കാര്‍ക്കും ഈ മത്സരത്തില്‍ പങ്കെടുക്കാം. യു.എ.ഈസ് ബെസ്റ്റ് കേക്ക് കോണ്‍ടസ്റ്റ് 2019 എന്ന പേരിലാണ് മത്സരം. ഇതനുസരിച്ച് വീട്ടിലിരുന്ന് സ്വാദിഷ്ടവും ആകര്‍ഷകവുമായ കേക്ക് ഉണ്ടാക്കുന്നവര്‍ക്ക് വന്‍ തുക സമ്മാനം ലഭിക്കും. ഒന്നാം സ്ഥാനക്കാര്‍ക്ക് 15,000 ദിര്‍ഹം ( ഏകദേശം മൂന്ന് ലക്ഷം രൂപ ), രണ്ടാം സ്ഥാനത്തിന് 10,000 ( ഏകദേശം രണ്ട് ലക്ഷം രൂപ ) മൂന്നാം സ്ഥാനക്കാര്‍ക്ക് 5000 ദിര്‍ഹം (ഏകദേശം ഒരു ലക്ഷം രൂപ ) വീതമായിരിക്കും സമ്മാനമെന്ന് സംഘാടകരായ വേള്‍ഡ് ഓഫ് സ്റ്റാര്‍സ് അഡ്വർടൈസിംഗ് ( വോസ ) സി.ഇ.ഒയും മലയാളിയുമായ ഫൈസല്‍ അബ്ദുല്‍ കരീം പറഞ്ഞു.

കേക്ക് നിര്‍മ്മാണത്തില്‍ പ്രൊഫഷനലുകളുടെ സഹായം സ്വീകരിക്കാതെ സ്വയം ഉണ്ടാക്കുന്നവയാണ് മത്സരത്തിന് കൊണ്ടു വരേണ്ടതെന്ന് സംഘാടകര്‍ പറഞ്ഞു. പങ്കെടുക്കുന്നവര്‍ക്ക് ഓണ്‍ലൈന്‍ വഴി പേര് രജിസ്റ്റര്‍ ചെയ്യാം. 250 ദിര്‍ഹമാണ് രജിസ്ട്രേഷന്‍ ഫീസ്. ഈ മാസം 26 അര്‍ധരാത്രി 12 ന് മുമ്പ് വരെ പേര് രജിസ്റ്റര്‍ ചെയ്യാം.  www.uaesbest.com എന്ന വെബ്സൈറ്റില്‍ മല്‍സരത്തിന്‍റെ വിശദവിവരങ്ങള്‍ ലഭ്യമാണ്. ഇപ്രകാരം നിബന്ധനകള്‍ക്ക് വിധേയമായി കേക്ക് ഉണ്ടാക്കുന്നവര്‍ ഈ മാസം 28 ന് യു.എ.ഇയിലെ ഒരു വേദിയില്‍ കേക്കുകള്‍ പ്രദര്‍ശിപ്പിക്കും. പ്രമുഖ ഷെഫുകള്‍ ഉള്‍പ്പെടുന്ന വിദഗ്ധ സമിതി ഇതില്‍ നിന്ന് 20 പേരെ തിരഞ്ഞെടുക്കും. ഒക്ടോബര്‍ നാലിന് നടക്കുന്ന ഗ്രാന്‍ഡ് ഫിനാലെയിലായിരിക്കും ഫൈനല്‍ ജേതാക്കളെ നിശ്ചയിക്കുക. ഈ വേദിയില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട ഇരുപത് പേര്‍ ഗ്രാന്‍ഡ് ഫിനാലെയില്‍ കേക്ക് തത്സമയം ഉണ്ടാക്കി കാണിക്കണം. ‘വോസ’ ചെയര്‍മാന്‍ ഡോ. കരീം വെങ്കിടങ്ങ്, ജിജോ ജലാല്‍, ഇവന്‍റ് സ്‌പോണ്‍സര്‍മാരായ ഷിഹാബ് ഷംസുദ്ദീന്‍,  പുരുഷോത്തമന്‍ എന്നിവരും ദുബായില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ സംബന്ധിച്ചു.