ഇന്ത്യക്കാര്‍ മുക്കിയ 50,000 കോടി തിരിച്ചുപിടിക്കാന്‍ യു.എ.ഇ ബാങ്കുകള്‍ ; പ്രമുഖ കോര്‍പറേറ്റുകളുടെ പേരുകള്‍ വെളിപ്പെടുത്തുമെന്ന് സൂചന ! പുതിയ നീക്കം യു.എ.ഇ കോടതിവിധി ഇന്ത്യയില്‍ നടപ്പാക്കാം എന്ന കരാര്‍ പ്രകാരം

 

ദുബായ് : യു.എ.ഇയിലെ വിവിധ ബാങ്കുകളില്‍ നിന്ന്  വായ്പയോ മറ്റോ എടുത്ത് രാജ്യം വിട്ട ഇന്ത്യക്കാരായ കമ്പനി ഉടമകളെ പിടികൂടാന്‍ യു.എ.ഇ ബാങ്കുകള്‍ അവസാനവട്ട ഒരുക്കത്തിലാണെന്ന് റിപ്പോര്‍ട്ട്. ഇതുപ്രകാരം അമ്പതിനായിരം കോടി രൂപ തിരിച്ചുപിടിക്കാനാണ് ഈ ബാങ്കുകള്‍ ലക്ഷ്യമിട്ടിട്ടുള്ളത്.

യു.എ.ഇയിലെ സിവില്‍ കോടതി വിധികള്‍ ഇന്ത്യയിലെ ജില്ലാ കോടതികള്‍ മുഖേന നടപ്പാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ജനുവരി 17 ന് വിജ്ഞാപനം ഇറക്കിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് യു.എ.ഇയിലെ ബാങ്കുകള്‍ പൊതു കൂട്ടായ്മയായി രംഗത്തു വന്നത്. ഇതനുസരിച്ച് യു.എ.ഇയിലെ വിവിധ കേസുകളില്‍പ്പെട്ട് ഇന്ത്യയില്‍ കഴിയുന്നവര്‍ക്ക് എതിരെ ഇനി ജില്ലാ കോടതി മുഖേന നടപടി വരും. ആദ്യഘട്ടത്തില്‍ അമ്പതിനായിരം കോടി രൂപയാണ് ഇപ്രകാരം യു.എ.ഇയിലെ ബാങ്കുകള്‍ ലക്ഷ്യം വെച്ചിട്ടുള്ളത്. ദുബായ്, അബുദാബി, ഷാര്‍ജ എന്നീ നഗരങ്ങളില്‍ കമ്പനികള്‍ നടത്തി മുങ്ങിയ ഇന്ത്യന്‍ കോര്‍പറേറ്റ് കമ്പനികളുടെ വായ്പകളാണ് ഇതില്‍ കൂടുതലായിട്ടുള്ളത്. ഇതില്‍ മലയാളികളും നിരവധിയാണ്. ഇതിനായി ബാങ്കുകള്‍ ഇവര്‍ക്കെതിരെ നിയമ നടപടികള്‍ ആരംഭിച്ചുകഴിഞ്ഞു. വരും ദിവസങ്ങളില്‍ ചില പ്രമുഖരുടെ പേരുകള്‍ കൂടി വെളിപ്പെടുത്താനും വ്യക്തികള്‍ക്ക് എതിരെ നിയമ നടപടി സ്വീകരിക്കാനും ബാങ്കുകള്‍ തയാറാകുമെന്നും സൂചനകളുണ്ട്.

യു.എ.ഇ ആസ്ഥാനമായ എമിറേറ്റ്‌സ് എന്‍ബിഡി, മഷ്‌റിക് ബാങ്ക്, അബുദാബി കൊമേഴ്സ്യല്‍ ബാങ്ക് എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. കൂടാതെ, ദോഹ ബാങ്ക്, നാഷണല്‍ ബാങ്ക് ഓഫ് ഒമാന്‍, നാഷണല്‍ ബാങ്ക് ഓഫ് ബഹറിന്‍ തുടങ്ങിയ മറ്റ് ബാങ്കുകളില്‍ നിന്ന് വായ്പ എടുത്ത് മുങ്ങിയവരെയും പുതിയ രീതിയില്‍ നിയമത്തിന് മുന്നില്‍ കൊണ്ടു വരാനാണ് നീക്കം. ഇങ്ങനെ കഴിഞ്ഞ 10-15 വര്‍ഷങ്ങളിലായി ബാങ്കുകളില്‍ നിന്ന് വായ്പകള്‍ എടുത്ത് മുങ്ങിയവര്‍ ഉള്‍പ്പടെ പിടിയിലാകുമെന്നാണ് വിവരം.

Comments (0)
Add Comment