പൊട്ടനും ചട്ടനും ദൈവവും ; യു.പ്രതിഭയുടെ ഔദ്യോഗിക പേജും അപ്രത്യക്ഷം ; ആലപ്പുഴ സിപിഎമ്മിലെ വിഭാഗീയത പുതിയതലത്തിലേക്ക്

 

തിരുവനന്തപുരം : തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ചതി ഉണ്ടായെന്ന സൂചന നല്‍കി പോസ്റ്റ് ഇട്ടതിനുപിന്നാലെ കായംകുളം എംഎല്‍എ യു പ്രതിഭയുടെ ഫേസ്ബുക്ക് പേജ് തന്നെ അപ്രത്യക്ഷമായി. പോസ്റ്റ് വിവാദമായതിനുപിന്നാലെ എംഎല്‍എ തന്നെ പേജ് നീക്കിയെന്നാണ് സൂചന.

മന്ത്രി ജി സുധാകരനെതിരെ ഒളിയമ്പെയ്ത് ഫേസ്ബുക്കില്‍ പങ്കുവെച്ച പോസ്റ്റ് മുക്കിയതിനു പിന്നാലെ അക്കൗണ്ട് ഹാക്ക് ചെയ്‌തെന്ന വിശദീകരണവുമായി  പ്രതിഭ രംഗത്തെത്തിയിരുന്നു. എന്നാൽ പോസ്റ്റിനു താഴെ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടിട്ടില്ലെന്ന് തെളിയിക്കാമെന്ന വെല്ലുവിളിയുമായി ഒട്ടേറെപ്പേർ രംഗത്തെത്തിയതോടെ ഈ പോസ്റ്റും എംഎല്‍എ മുക്കി.

‘പൊട്ടനെ ചട്ടൻ ചതിച്ചാൽ ചട്ടനെ ദൈവം ചതിക്കും’ എന്നായിരുന്നു ഫേസ്ബുക്കിൽ യു പ്രതിഭ എംഎൽഎ രാത്രിയോടെ കുറിച്ചത്. തൊട്ടുപിന്നാലെ ആരാണ് പൊട്ടൻ എന്നും ചട്ടനെന്നുമായി ചർച്ച. ജി സുധാകരനെ ഉന്നം വെച്ചാണ് പ്രതിഭയുടെ പോസ്റ്റ് എന്നു കമന്റുകൾ നിറഞ്ഞു. പോസ്റ്റിനു താഴെ പ്രതികരണങ്ങൾ നിറഞ്ഞതോടെ അകൗണ്ടിൽ നിന്ന് പോസ്റ്റ് കാണാതായി. അൽപസമയത്തിനകം എംഎൽഎയുടെ ഫോട്ടോ സമാനമായ സ്ഥലത്ത് മാറ്റി പോസ്റ്റ് ചെയ്തു.

ഏറെ നാളായി മന്ത്രി ജി സുധാകരനും യു പ്രതിഭയും തമ്മില്‍ അഭിപ്രായഭിന്നത നിലനില്‍ക്കുന്നുണ്ട്. ഇതോടൊപ്പം സിപിഎം കായംകുളം ഏരിയ നേതൃത്വവുമായും ഡിവൈഎഫ്‌ഐ നേതാക്കളുമായും നിരന്തരം കലഹത്തിലുമാണ്. കഴിഞ്ഞ ദിവസം മന്ത്രി ജി സുധാകരനെതിരെ സ്ത്രീത്വത്തെ അപമാനിച്ചുവെന്ന എസ്എഫ്‌ഐ മുന്‍ വനിതാ നേതാവിന്റെ പരാതി കൂടി ഉയര്‍ന്നതോടെയാണ് എംഎല്‍എ മന്ത്രിക്കെതിരെ ഒളിയമ്പുമായി എംഎല്‍എ രംഗത്തെത്തിയത്.

സുധാകരന്‍ സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയെന്ന പരാതിക്കു പിന്നാലെ മന്ത്രിയുടെ മുന്‍ പഴ്‌സനല്‍ സ്റ്റാഫ് അംഗത്തിന്റെ ഭാര്യ മന്ത്രിയുടെ വാര്‍ത്താസമ്മേളനത്തിന്റെ വിഡിയോ പൊലീസിനു കൈമാറി. മന്ത്രിയുടെ സ്റ്റാഫില്‍നിന്നു പിരിച്ചുവിട്ട സിപിഎം പുറക്കാട് ലോക്കല്‍ കമ്മിറ്റി അംഗം ജി.വേണുഗോപാലിന്റെ ഭാര്യയാണ് അമ്പലപ്പുഴ എസ്‌ഐ കെ.എച്ച്. ഹാഷിമിനു ദൃശ്യങ്ങള്‍ നല്‍കിയത്.

പരാതിയുടെ അടിസ്ഥാനത്തില്‍ കഴിഞ്ഞ ദിവസം പൊലീസ് ഇവരുടെ മൊഴിയെടുത്തിരുന്നു. എസ്എഫ്‌ഐ ജില്ലാ കമ്മിറ്റി മുന്‍ അംഗമാണു പരാതിക്കാരി. കഴിഞ്ഞ ദിവസം സിപിഎം പുറക്കാട് ലോക്കല്‍ കമ്മിറ്റി യോഗം ഈ വിഷയം ചര്‍ച്ച ചെയ്തിരുന്നു. യോഗത്തില്‍ മന്ത്രിക്കെതിരെ വിമര്‍ശനം ഉയര്‍ന്നെന്ന വാര്‍ത്ത പാര്‍ട്ടി ജില്ലാ സെക്രട്ടറി ആര്‍.നാസര്‍ നിഷേധിച്ചിട്ടുണ്ട്.

Comments (0)
Add Comment