സുധാകരനെതിരെ ഒളിയമ്പെയ്ത് പോസ്റ്റ് : അക്കൗണ്ട് ഹാക്ക് ചെയ്‌തെന്ന് പ്രതിഭ ; ഇല്ലെന്ന് തെളിയിക്കാമെന്ന് കമന്‍റുകള്‍ ; വീണ്ടും പോസ്റ്റ് മുക്കി എംഎല്‍എ

Jaihind Webdesk
Wednesday, April 21, 2021

 

തിരുവനന്തപുരം:  മന്ത്രി ജി സുധാകരനെതിരെ ഒളിയമ്പെയ്ത് ഫേസ്ബുക്കില്‍ പങ്കുവെച്ച പോസ്റ്റ് മുക്കിയതിനു പിന്നാലെ അക്കൗണ്ട് ഹാക്ക് ചെയ്‌തെന്ന വിശദീകരണവുമായി കായംകുളം എംഎല്‍എ യു പ്രതിഭ. എന്നാൽ പോസ്റ്റിനു താഴെ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടിട്ടില്ലെന്ന് തെളിയിക്കാമെന്ന വെല്ലുവിളിയുമായി ഒട്ടേറെപ്പേർ രംഗത്തെത്തിയതോടെ ഈ പോസ്റ്റും എംഎല്‍എ മുക്കി.

‘പൊട്ടനെ ചട്ടൻ ചതിച്ചാൽ ചട്ടനെ ദൈവം ചതിക്കും’ എന്നായിരുന്നു ഫേസ്ബുക്കിൽ യു പ്രതിഭ എംഎൽഎ രാത്രിയോടെ കുറിച്ചത്. തൊട്ടുപിന്നാലെ ആരാണ് പൊട്ടൻ എന്നും ചട്ടനെന്നുമായി ചർച്ച. ജി സുധാകരനെ ഉന്നം വെച്ചാണ് പ്രതിഭയുടെ പോസ്റ്റ് എന്നു കമന്റുകൾ നിറഞ്ഞു. പോസ്റ്റിനു താഴെ പ്രതികരണങ്ങൾ നിറഞ്ഞതോടെ അകൗണ്ടിൽ നിന്ന് പോസ്റ്റ് കാണാതായി. അൽപസമയത്തിനകം എംഎൽഎയുടെ ഫോട്ടോ സമാനമായ സ്ഥലത്ത് മാറ്റി പോസ്റ്റ് ചെയ്തു.

ഏറെ നാളായി മന്ത്രി ജി സുധാകരനും യു പ്രതിഭയും തമ്മില്‍ അഭിപ്രായഭിന്നത നിലനില്‍ക്കുന്നുണ്ട്. ഇതോടൊപ്പം സിപിഎം കായംകുളം ഏരിയ നേതൃത്വവുമായും ഡിവൈഎഫ്‌ഐ നേതാക്കളുമായും നിരന്തരം കലഹത്തിലുമാണ്. കഴിഞ്ഞ ദിവസം മന്ത്രി ജി സുധാകരനെതിരെ സ്ത്രീത്വത്തെ അപമാനിച്ചുവെന്ന എസ്എഫ്‌ഐ മുന്‍ വനിതാ നേതാവിന്റെ പരാതി കൂടി ഉയര്‍ന്നതോടെയാണ് എംഎല്‍എ മന്ത്രിക്കെതിരെ ഒളിയമ്പുമായി എംഎല്‍എ രംഗത്തെത്തിയത്.