ഉത്തർപ്രദേശിലെ ഫറൂക്കാബാദിൽ ബന്ദികളായ കുട്ടികളേയും സ്ത്രീകളെയും രക്ഷപ്പെടുത്തി. ഇവരെ ബന്ദികളാക്കിയ അക്രമിയെ പൊലീസ് വെടിവെച്ച് കൊന്നു. ബന്ദികളായ എല്ലാവരും സുരക്ഷിതരെന്ന് പൊലീസ് അറിയിച്ചു. അതേസമയം അക്രമിയുടെ ഭാര്യ നാട്ടുകാരുടെ മർദനത്തിൽ കൊല്ലപ്പെട്ടു.
നീണ്ട പത്തര മണിക്കൂറുകൾക്ക് ശേഷമാണ് 20ഓളം വരുന്ന കുട്ടികളെയും സ്ത്രീകളെയും അക്രമിയുടെ പക്കൽ നിന്നും രക്ഷപ്പെടുത്തിയത്. വീട്ടിനുള്ളിൽ ബന്ദികളാക്കിയ കൊലക്കേസ് പ്രതി കൂടിയായ സുഭാഷ് ബതാം എന്നയാളെ പൊലീസ് വെടിവെച്ച് കൊല്ലുകയായിരുന്നു. ബന്ദികളാക്കപ്പെട്ടവർ എല്ലാവരും സുരക്ഷിതരെന്ന് പൊലീസ് അറിയിച്ചു.
മകളുടെ പിറന്നാളിന് ക്ഷണിച്ച് വരുത്തിയ ശേഷമാണ് കുട്ടികളെയും സ്ത്രീകളെയും ഇയാൾ ബന്ദിയാക്കിയത്.
പ്രതിയുടെ പക്കൽ തോക്കും ഗ്രനേഡുകളും ഉണ്ടായിരുന്നു. സ്ഥലത്ത് എത്തിയ പൊലീസിന് നേർക്കും ഇയാൾ വെടിയുതിർക്കുകയും ഗ്രനേഡ് എറിയുകയും ചെയ്തിരുന്നു. മൂന്ന് പൊലീസുകാർക്കും ഒരു ഗ്രാമവാസിക്കും ആക്രമണത്തിൽ പരിക്കേറ്റു. ഇതോടെ പ്രശ്നം കൂടുതൽ സങ്കീർണമായി. മദ്യലഹരിയിലായിരുന്ന അക്രമി എംഎൽഎയോടും എസ്പിയോടും വീട്ടിലേക്ക് എത്താൻ ആവശ്യപ്പെട്ടിരുന്നു. തുടർന്ന് എസ്പി സ്ഥലത്തെത്തിയിരുന്നു. ബന്ദികളെ മോചിപ്പിച്ചതിനെ തുടർന്ന് യുപി പൊലീസിനും സംഘത്തിനും സർക്കാർ പത്ത് ലക്ഷം രൂപ പാരിതോഷികവും പ്രഖ്യാപിച്ചു.
അതേസമയം, കുട്ടികളെ ബന്ദികളാക്കിയ സുഭാഷിന്റെ ഭാര്യ കൊല്ലപ്പെട്ടു. രോഷാകുലരായ നാട്ടുകാര്‍ യുവതിയെ ക്രൂരമായി മര്‍ദിച്ചിരുന്നു. സുഭാഷിനെ പൊലീസ് വെടിവച്ച് കൊന്ന് കുട്ടികളെ മോചിപ്പിച്ചതിന് പിന്നാലെയായിരുന്നു മര്‍ദ്ദനം. ക്രൂരമായ ആക്രമത്തിനു ശേഷം തെരുവിലൂടെ വലിച്ചിഴയ്ക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഗുരുതര അവസ്ഥയിലായ ഇവരെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കുട്ടികളെ ബന്ദിയാക്കിയ സംഭവത്തിൽ സുഭാഷിന്റെ ഭാര്യയ്ക്കു പങ്കുണ്ടോയെന്ന് അറിവില്ല.