മോദി സര്‍ക്കാരിന്‍റെ നോട്ട് നിരോധനത്തിന് രണ്ട് വയസ്; ദുരിതം ഒഴിയാതെ രാജ്യം

Jaihind Webdesk
Monday, November 5, 2018

രാജ്യത്തിന്‍റെ സാമ്പത്തിക രംഗത്തെ പിന്നോട്ടു വലിച്ച മോദി സർക്കാരിന്‍റെ നോട്ട് നിരോധനത്തിന് രണ്ട് വയസ് തികയാൻ ദിവസങ്ങൾ ബാക്കി. സാമ്പത്തിക മേഖലയെ തച്ചുതകർത്ത നോട്ട് നിരോധനം രാജ്യത്തെ വ്യാവസായിക മാന്ദ്യത്തിലേക്ക് തള്ളി വിട്ടപ്പോൾ ജനങ്ങൾക്ക് സമ്മാനിച്ച് ദുരിതകാലം കൂടിയാണ്.

2016 നവംബർ എട്ടിന് രാത്രി 8.15 നായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ മുൾമുനയിലാക്കി നോട്ട് നിരോധനം പ്രഖ്യാപിച്ചത്. 48 മിനിറ്റ് നീണ്ട പ്രസംഗം… 15.44 ലക്ഷം കോടി രൂപയുടെ മൂല്യമുള്ള നോട്ടുകൾ വെറു കടലാസുതുണ്ടുകളായി മാറിയപ്പോൾ അതിൽപെട്ട് തകർന്നത് നിരവധി ജീവിതങ്ങളാണ്. കള്ളപ്പണത്തിനും കള്ളനോട്ടിനും അറുതി വരുത്താൻ എന്നു പറഞ്ഞ് നടപ്പാക്കിയ നോട്ട് നിരോധനത്തിന്‍റെ അലയൊലികളിൽ നിന്നും സമസ്ത മേഖലകളും ഇനിയും മുക്തമായിട്ടില്ല.

98 ശതമാനം ഇടപാടുകളും നോട്ടുകൾ വഴി നടക്കുന്ന രാജ്യത്ത് ബാങ്കിലിട്ട പണം തിരികെ കിട്ടാൻ നീണ്ട വരിയിൽ മണിക്കൂറുകളോളം കാത്തുനിൽക്കണ്ട ഗതികടേിലായി ജനങ്ങൾ. വരിനിന്നവർക്ക് കിട്ടിയത് രണ്ടായിരത്തിന്‍റെ ഒറ്റ നോട്ട്. ഇതും ചെലവഴിക്കാനാവാതെ ദിവസങ്ങൾ കടന്നിട്ടും സർക്കാരിന് മൗനം. പിന്നീട് നിയന്ത്രണങ്ങളുടെ പെരുമഴ. പലരുടെയും വിവാഹം മുടങ്ങി. ആശുപത്രികളിൽ പണമടയ്ക്കാനില്ലാതെ ജീവൻ വെടിഞ്ഞവർ നിരവധിയായി. ഒരിക്കലും തീരാത്ത ബാങ്കുകളുടെ നീണ്ട നിരയിലും ജനങ്ങൾ മരിച്ചു വീണു. വ്യവസായ മേഖലയിൽ സൃഷ്ടിച്ച മാന്ദ്യം ചെറുകിട വ്യവസായങ്ങളെ ഇല്ലാതാക്കി.

ഇതോടെ നോട്ട് നിരോധനം ഡിജിറ്റൽ ഇടപാടുകളെ പ്രോത്സാഹിപ്പിക്കാനാണെന്ന നിലപാടിലേക്ക് വീണ്ടും മോദിയെത്തി. ബുദ്ധിമുട്ടുകൾ പരിഹരിക്കാൻ 50 ദിവസം ആവശ്യപ്പെട്ട് പ്രധാനമന്ത്രി. ഇപ്പോൾ 700 ദിനങ്ങൾ പിന്നിട്ടു. നിരോധിച്ച നോട്ടുകളുടെ 99 ശതമാനത്തിലധികവും തിരിച്ചെത്തിയപ്പോൾ മോദിക്കും സർക്കാരിനും മറുപടിയില്ല.

കോടികൾ ലോണെടുത്തു രാജ്യം വിട്ട കോർപ്പറേറ്റ് ഭീമൻമാരെ പോലും തിരിച്ചെത്തിക്കാൻ കഴിയാത്ത സർക്കാർ നയം മൂലം ബാങ്കുകളിൽ പെരുകുന്ന കിട്ടാക്കടം വർധിക്കുകയാണ്. ജനങ്ങളെ ക്യൂവില്‍ നിർത്തി രാജ്യത്ത് സാമ്പത്തിക അടിയന്തരാവസ്ഥയ്ക്ക് സമാനമായ സാഹചര്യം സൃഷ്ടിച്ചവർക്ക് ഇന്നും മറുപടിയില്ല.